ടെഹ്‌റാൻ: അമേരിക്കയ്ക്കും ഇസ്രായേലിനും “പുതിയ കടുത്ത പരാജയങ്ങൾ” സമ്മാനിക്കാൻ ഇറാൻ നാവികസേന സുസജ്ജമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി മുന്നറിയിപ്പ് നൽകി. ഇറാൻ സായുധ സേനാ ദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ടെലിവിഷനിലൂടെ പുറത്തുവിട്ട സന്ദേശത്തിലാണ് അദ്ദേഹം ശത്രുരാജ്യങ്ങൾക്കെതിരെ ആഞ്ഞടിച്ചത്.(Mojtaba Khamenei warns of bitter defeats for US and Israel as decisive moves take place )
ഇറാന്റെ ഡ്രോണുകൾ അമേരിക്കൻ-സയണിസ്റ്റ് കുറ്റവാളികൾക്ക് മേൽ മിന്നൽ പോലെ പതിക്കുന്നത് പോലെ, ശത്രുക്കൾക്ക് കടുത്ത പരാജയം നൽകാൻ നമ്മുടെ വീരരായ നാവികസേനയും തയ്യാറാണ്, മുജ്തബ ഖമേനി പറഞ്ഞു. അമേരിക്കയുടെയും പഹ്‌ലവി ഭരണകൂടത്തിന്റെയും വിഘടനവാദികളുടെയും കുത്സിത നീക്കങ്ങളെ പ്രതിരോധിച്ചാണ് ഇറാൻ സൈന്യം ഇന്നത്തെ നിലയിലേക്ക് വളർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈന്യം ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് ഉയർന്നുവന്ന രാജ്യത്തിന്റെ മക്കളാണെന്നും സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്ക-ഇസ്രായേൽ വ്യോമാക്രമണത്തിൽ മുൻ നേതാവ് അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മകൻ മുജ്തബ ഖമേനി അധികാരമേറ്റത്. എന്നാൽ സ്ഥാനമേറ്റ ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഫെബ്രുവരിയിലെ ആക്രമണത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
ഇറാനും ഇസ്രായേലും തമ്മിലുള്ള 10 ദിവസത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെയാണ് ഈ പ്രസ്താവന വരുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചു. ഇത് ആഗോള ഇന്ധന വിതരണത്തെയും സമുദ്ര സുരക്ഷയെയും വീണ്ടും ആശങ്കയിലാക്കുന്നു.

