വാഷിങ്ടൺ: ചൈനീസ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെ ഇറാനെതിരെ കടുത്ത സൈനിക നടപടികൾക്ക് ആഹ്വാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാനായി ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ തള്ളിക്കളഞ്ഞ ട്രംപ്, ഒടുവിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ലംഘിച്ച് വ്യോമാക്രമണങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.(Donald Trump China Visit Relaunch Operation Epic Fury Iran Airstrikes Strait Of Hormuz)
ബെയ്ജിങ്ങിൽ നിന്നും എയർഫോഴ്‌സ് വണ്ണിൽ മടങ്ങുന്നതിനിടെ, ഇറാന്റെ സമാധാന ഉടമ്പടിയെക്കുറിച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഞാനത് വായിച്ചുനോക്കാം, പക്ഷേ ആദ്യത്തെ വാചകംതന്നെ എനിക്ക് ഇഷ്ടപ്പെടാത്ത തരത്തിലുള്ളതാണെങ്കിൽ ഞാൻ അത് വലിച്ചെറിയും, എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നയതന്ത്ര സ്തംഭനാവസ്ഥ സൈനികശക്തിയിലൂടെ നേരിടാനാണ് ട്രംപിന്റെ ഭാവമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ്, ഇസ്രയേൽ സേനകൾ വെടിനിർത്തലിന് ശേഷമുള്ള തങ്ങളുടെ ഏറ്റവും വലിയ സംയുക്ത സൈനിക തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്. ഉടൻ തന്നെ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നാണ് സൂചന.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇറാൻ വിഷയം ചർച്ച ചെയ്തതായി ട്രംപ് സ്ഥിരീകരിച്ചു. ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഉണ്ടാകാൻ പാടില്ലെന്നതിലും ആഗോള എണ്ണവിപണിയെ ബാധിക്കുന്ന ഹോർമുസ് കടലിടുക്ക് തുറന്നുനൽകണമെന്നതിലും അമേരിക്കയും ചൈനയും തമ്മിൽ ധാരണയിലെത്തിയതായി വാർത്താ ഏജൻസിയായ എഎൻഐ വ്യക്തമാക്കുന്നു. ചൈനയെ സമ്മർദ്ദത്തിലാക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ ട്രംപ്, ഇറാൻ ആണവായുധം കൈവശം വെക്കാൻ പാടില്ലെന്ന് ഷി ജിൻപിങ്ങിനും അഭിപ്രായമുണ്ട് എന്ന് കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടാഴ്ചയായി ഹോർമുസ് കടലിടുക്ക് യുഎസ് സേനയുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും ട്രംപ് അവകാശപ്പെട്ടു.
Story Summary
Following his high-profile visit to Beijing, US President Donald Trump is reportedly planning to resume military actions against Iran, rejecting their latest peace proposals. Despite the recent ceasefire, US and Israeli forces are conducting joint preparations to relaunch ‘Operation Epic Fury’ targeting Iran’s nuclear capabilities and ensuring the permanent opening of the Strait of Hormuz, following a tactical understanding with Chinese President Xi Jinping.

