2026 ഫിഫ ലോകകപ്പിൽ ഖത്തർ താരം അസിം മദീബോയ്ക്ക് അഞ്ച് മത്സരങ്ങളിൽ ഫിഫ വിലക്ക് ഏർപ്പെടുത്തി. കാനഡയ്‌ക്കെതിരായ മത്സരത്തിൽ കനേഡിയൻ താരം ഇസ്മായിൽ കോനെയെ പരുക്കൻ ടാക്കിളിലൂടെ വീഴ്ത്തിയതിനാണ് നടപടി (Assim Madibo FIFA Ban). മത്സരത്തിന്റെ 51-ാം മിനിറ്റിൽ കോനെയെ പിന്നിൽ നിന്ന് ടാക്കിൾ ചെയ്ത മദീബോയ്ക്ക് അപ്പോൾ തന്നെ ചുവപ്പ് കാർഡ് ലഭിച്ചിരുന്നു. സംഭവത്തിൽ ഗൗരവകരമായ ഫൗൾ എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഫിഫയുടെ അച്ചടക്ക സമിതി കർശന നടപടി സ്വീകരിച്ചത്.
ഖത്തറിനെതിരായ മത്സരത്തിൽ കാനഡ 6-0 എന്ന സ്കോറിനാണ് വിജയിച്ചത്. കാനഡയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയമായിരുന്നു ഇത്. എന്നാൽ, കോനെയുടെ കാൽ ഒടിഞ്ഞത് ഈ ചരിത്ര വിജയത്തിന്റെ സന്തോഷം കെടുത്തി. ഇടതുകാലിന്റെ ടിബിയ, ഫിബുല എന്നീ എല്ലുകൾക്ക് ഒടിവ് സംഭവിച്ചതിനെ തുടർന്ന് കോനെയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തനിക്ക് ലഭിച്ച പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും നന്ദി അറിയിച്ച് താരം പിന്നീട് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. മദീബോ മത്സരശേഷം നേരിട്ടെത്തി കോനെയോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
Summary: FIFA has imposed a five-match suspension on Qatar’s Assim Madibo following a reckless tackle that caused a severe leg injury to Canadian midfielder Ismaël Koné during their FIFA World Cup 2026 match. The incident occurred during Canada’s historic 6-0 victory over Qatar in Vancouver, where Koné suffered a broken tibia and fibula, necessitating emergency surgery.

