ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന ദ്രാവിഡ കക്ഷികളുടെ ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (Tamil Nadu CM Vijay) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ (ലോക് ഭവൻ) വെച്ചാകും ചടങ്ങുകൾ നടക്കുക. വി.സി.കെ കൂടി പിന്തുണ കത്ത് കൈമാറിയതോടെ സർക്കാരുണ്ടാക്കാനുള്ള കേവല ഭൂരിപക്ഷം വിജയ് ഉറപ്പിച്ചു.
234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. ടി.വി.കെ (108), കോൺഗ്രസ് (5), സി.പി.ഐ.എം, സി.പി.ഐ, മുസ്ലീം ലീഗ് എന്നിവർക്ക് പുറമെ 2 സീറ്റുകളുള്ള വി.സി.കെ കൂടി പിന്തുണച്ചതോടെ വിജയ് സഖ്യത്തിന്റെ ആകെ പിന്തുണ 120 ആയി ഉയർന്നു.
കഴിഞ്ഞ ദിവസം 116 എം.എൽ.എമാരുടെ പിന്തുണ കത്ത് മാത്രം ഹാജരാക്കിയ വിജയിയോട് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ നിർദ്ദേശിച്ചിരുന്നു. വി.സി.കെ പിന്തുണ കത്ത് ഇന്ന് കൈമാറിയതോടെയാണ് സത്യപ്രതിജ്ഞയ്ക്ക് വഴിതെളിഞ്ഞത്. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിപുലമായ ചടങ്ങുകൾ ഗവർണറുടെ നിലപാടിനെത്തുടർന്ന് മാറ്റിവെച്ചിരുന്നു. നിലവിൽ രാജ്ഭവനിൽ വെച്ച് ലളിതമായ ചടങ്ങിലായിരിക്കും സത്യപ്രതിജ്ഞ നടക്കുക.
ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ എന്നീ ദ്രാവിഡ പാർട്ടികൾ മാറിമാറി ഭരിച്ചിരുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു മൂന്നാം ശക്തിയുടെ ഉദയമായാണ് വിജയിന്റെ ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. വിജയ് അൽപ്പസമയത്തിനകം രാജ്ഭവനിലെത്തി ഗവർണറെ കാണും. തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങുകളിലേക്ക് കടക്കും. പുതിയ സർക്കാരിന്റെ രൂപീകരണത്തോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമാകുന്നത്.
Story Summary: Actor-turned-politician Vijay is set to be sworn in as the Chief Minister of Tamil Nadu today at Raj Bhavan (Lok Bhavan). The path to government formation was cleared after VCK and Muslim League extended their support, taking the total strength of the TVK-led alliance to 120 seats, surpassing the required 118. This historic shift marks the end of decades-long dominance by Dravidian parties in the state.

