കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനകളുടെയും ചാര ശൃംഖലയുടെയും ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നതായി വെളിപ്പെടുത്തി പശ്ചിമ ബംഗാൾ പോലീസിന്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ്. ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനിടെ അക്രമങ്ങൾ അഴിച്ചുവിടാൻ ശ്രമിച്ചതിലും ഈ ഭീകര ശൃംഖലയ്ക്ക് പങ്കുണ്ടെന്ന് പോലീസിന്റെ സമഗ്ര അന്വേഷണത്തിൽ വ്യക്തമായി.(West Bengal CM Suvendu Adhikari Target Of Pakistan Terror Network STF Reveals)
സംഭവവുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുമായി ബന്ധമുള്ള മുഹമ്മദ് ഹമീം മൊണ്ടൽ എന്നയാളെ പുൂർബ ബർധമാൻ ജില്ലയിൽ നിന്നും, ഇയാളുടെ കൂട്ടാളിയായ അർപിത സർക്കാർ എന്ന യുവതിയെ അയൽ സംസ്ഥാനമായ ഝാർഖണ്ഡിൽ നിന്നും എസ്.ടി.എഫ് അറസ്റ്റ് ചെയ്തു. എസ്.ടി.എഫ് ഐ.ജി ഗൗരവ് ശർമ്മ നടത്തിയ വാർത്താസമ്മേളനത്തിൽ കേസിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടു.
ഐ.എസ്.ഐ (ISI), ഷഹസാദ് ഭട്ടി തുടങ്ങിയ വിദേശ ഭീകര ശൃംഖലകളുടെ നിർദ്ദേശപ്രകാരം സുവേന്ദു അധികാരിക്ക് പുറമെ കേന്ദ്ര സഹമന്ത്രി ഉമേഷ് റായ് ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെയും ഇവർ നിരീക്ഷിച്ചുവരികയായിരുന്നു. പിടിയിലായ അർപിത സർക്കാറിനെ ഉപയോഗിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുപ്പം സ്ഥാപിക്കുകയും, അവരുടെ വ്യക്തിഗത വിവരങ്ങളും സുരക്ഷാ വിവരങ്ങളും ചോർത്തി പാകിസ്ഥാനിലെ ഹാൻഡ്‌ലർമാർക്ക് കൈമാറുകയുമായിരുന്നു ഇവരുടെ രീതി.
പിടിയിലായ പ്രതികളിൽ നിന്നും ഐഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. മുൻനിര രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്നോ എന്ന കാര്യം എസ്.ടി.എഫ് തീവ്രമായി അന്വേഷിച്ചു വരികയാണ്.
Story Summary
The West Bengal STF revealed that Chief Minister Suvendu Adhikari and other VIPs were targets of a Pakistan-backed espionage network. Investigators arrested two suspects, including a woman allegedly involved in a honey-trap operation to gather intelligence on top political figures.


