ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സി.ജെ.പി (CJP) പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ 15-കാരിയായ പെൺകുട്ടിക്ക് മാപ്പ് നൽകിയ പ്രധാനമന്ത്രിയുടെ തീരുമാനത്തിൽ നന്ദി അറിയിച്ച് മാതാവ്. അധിക്ഷേപിച്ചവരോട് പകവീട്ടാനല്ല, മറിച്ച് ക്ഷമിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ തന്റെ മകൾക്ക് ലഭിച്ച ‘രണ്ടാം ജന്മവും വലിയ പിറന്നാൾ സമ്മാനവുമാണ്’ എന്ന് കൈകൂപ്പി പ്രതികരിച്ചുകൊണ്ട് അവർ വാർത്താ ഏജൻസിയോട് പറഞ്ഞു.(Mother Thanks PM Modi For Forgiving Minor Daughter Over Abusive Remarks)
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ അപകീർത്തികരമായ മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തിൽ പ്രധാനമന്ത്രി ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് മാപ്പ് നൽകുന്നതായി അറിയിച്ചത്. തെറ്റുപറ്റിയ യുവാക്കൾക്ക് നേരായ വഴി കാണിച്ചു കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദേശത്തിന് പിന്നാലെ ക്ഷമാപണ വീഡിയോയുമായി പെൺകുട്ടിയും രംഗത്തെത്തി.
“ഞാൻ ചെയ്ത തെറ്റ് മാപ്പ് അർഹിക്കുന്ന ഒന്നല്ല. അവിടെയുള്ളവരുടെ സ്വാധീനത്തിൽ പെട്ടാണ് അത്തരം പരാമർശങ്ങൾ നടത്തിയത്. ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്. രാജ്യത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു.” – പെൺകുട്ടി പറഞ്ഞു. സംഭവത്തിൽ നോയിഡ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസിന് കൈമാറിയിരുന്നു. കേസിൽ പെൺകുട്ടിയുടെ പ്രായം 25 എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും 15 വയസ്സ് മാത്രമുള്ള പ്രായപൂർത്തിയാകാത്ത മകൾക്കെതിരെയുള്ള എഫ്.ഐ.ആർ പിൻവലിക്കണമെന്നും മാതാവ് അഭ്യർത്ഥിച്ചു.
Story Summary
The mother of the 15-year-old girl who made abusive remarks against Prime Minister Narendra Modi expressed gratitude to PM Modi for forgiving her daughter, calling it a “new life” on her birthday. While the minor girl issued a public apology, her family appealed for the withdrawal of the FIR filed regarding the incident.


