തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംഘർഷത്തിനിടെ മർദനമേറ്റ് മരിച്ച വണ്ടിത്തടം സ്വദേശി സുമന്റെ (38) മരണകാരണം നെഞ്ചിലേറ്റ ശക്തമായ പ്രഹരമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് (Vizhinjam Murder News). മർദനത്തിന്റെ ആഘാതത്തിൽ സുമന്റെ വാരിയെല്ലുകൾ ഒടിയുകയും അവ ആന്തരികാവയവങ്ങളിൽ തറച്ചുകയറുകയും ചെയ്തു. ഇത് ശ്വാസകോശത്തിലും നെഞ്ചിലും കടുത്ത രക്തസ്രാവമുണ്ടാക്കിയതാണ് മരണത്തിലേക്ക് നയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നാല് യുവാക്കളെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ഇതിൽ അച്ചുവും അനന്തുവും സഹോദരങ്ങളാണ്.
ബുധനാഴ്ച രാത്രി 12 മണിയോടെയാണ് വിഴിഞ്ഞം ജംഗ്ഷനിലെ ബാറിന് മുന്നിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വിഷു ആഘോഷങ്ങൾക്കുശേഷം ബാറിലെത്തിയ പ്രതികൾ അവിടെയുണ്ടായിരുന്ന മറ്റൊരാളുമായി തർക്കത്തിലേർപ്പെട്ടു. ഇത് പരിഹരിക്കാൻ ഇടപെട്ടതായിരുന്നു സുമൻ. സുമനെ പ്രതികൾ ബാറിനുള്ളിലിട്ട് ക്രൂരമായി മർദിച്ചു. അവിടെനിന്ന് രക്ഷപ്പെടാൻ റോഡിലേക്ക് ഓടിയ സുമനെ പ്രതികൾ പിന്തുടർന്ന് പിടികൂടുകയും വീണ്ടും ക്രൂരമായി ആക്രമിക്കുകയും ചെയ്തു.
തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ സുമനെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. വിഴിഞ്ഞം പോലീസ് സുമനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ ബാറിലെയും സമീപത്തെയും സിസിടിവികളിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. വണ്ടിത്തടം പാലപുരയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു സുമൻ.
Story Summary: Post-mortem report of Suman, who was murdered in Vizhinjam, reveals that broken ribs piercing his internal organs caused fatal bleeding. Police arrested four people, including siblings, for the brutal assault following a dispute at a bar.

