കോഴിക്കോട്: വെള്ളയിൽ പോലീസ് സ്റ്റേഷന് സമീപം കാർ ബൈക്കിലിടിച്ച് നടന്ന അപകടത്തിൽ കാറിനുള്ളിൽ നിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി (Kozhikode MDMA Bust). പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി മനു (24) ആണ് വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ഏപ്രിൽ അഞ്ചാം തീയതി രാത്രിയാണ് മനു ഓടിച്ചിരുന്ന കാർ സ്കൂട്ടറിൽ ഇടിച്ചത്.
അപകടത്തിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ കാറിനുള്ളിൽ നിന്ന് 2.84 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ലഹരിമരുന്ന് കണ്ടെത്തിയ വിവരമറിഞ്ഞതോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മനു അവിടെനിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എലത്തൂരിൽ നിന്ന് ഇയാളെ പോലീസ് പിടികൂടിയത്.
അതേസമയം , അപകടത്തിൽപ്പെട്ട മനുവിനെയും സ്കൂട്ടർ യാത്രക്കാരനെയും ബീച്ച് ആശുപത്രിയിൽ എത്തിച്ച പുതിയാപ്പ സ്വദേശി പ്രണവിനെ മനുവിന്റെ സുഹൃത്തുക്കൾ മർദിച്ചതായും പരാതിയുണ്ട്. അപകടവിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മനുവിന്റെ സുഹൃത്തുക്കൾ പ്രണവിനെ മർദിക്കുകയായിരുന്നു. ഈ സംഭവത്തിൽ പ്രണവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
മർദനത്തിന് ശേഷം ഒളിവിൽ പോയ മനുവിന്റെ സുഹൃത്തുക്കൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
മനുവിനെതിരെ ലഹരിമരുന്ന് കടത്തലിനും അപകടമുണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്. നഗരത്തിൽ ലഹരി വിൽപ്പന നടത്തുന്ന സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
Story Summary: Kozhikode Vellayil police arrested Manu (24) after 2.84 grams of MDMA were found in his car following an accident. His friends are also booked for assaulting a youth who helped move Manu to the hospital after the crash.

