ബെംഗളൂരു: കൂര്‍ഗിലെ ഹോം സ്റ്റേയിൽ താമസിക്കാനെത്തിയ അമേരിക്കൻ യുവതിയെ മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹോം സ്റ്റേയുടെ ലൈസൻസ് ടൂറിസം വകുപ്പ് റദ്ദാക്കി. കുട്ട ഗ്രാമത്തിലെ ‘ദേവി വില്ല’ എന്ന ഹോംസ്റ്റേക്കെതിരെയാണ് നടപടി. സംഭവത്തിൽ ഹോം സ്റ്റേ സഹായിയെയും ഉടമയെയും പോലീസ് അറസ്റ്റ് ചെയ്തു.(US citizen raped in Karnataka, Home stay license cancelled)
വാഷിംഗ്ടണിൽ നിന്നെത്തിയ യുവതിയെ സഹായി മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിന് പിന്നാലെ വിവരം പുറത്തറിയാതിരിക്കാൻ ഹോം സ്റ്റേ ഉടമ ശ്രമിച്ചതായി പോലീസ് പറഞ്ഞു. മൂന്ന് ദിവസത്തോളം ഹോം സ്റ്റേയിലെ വൈഫൈ കണക്ഷൻ വിച്ഛേദിച്ച് യുവതിയെ അവിടെ തന്നെ തളച്ചിട്ടു. പിന്നീട് വൈഫൈ കണക്ഷൻ പുനഃസ്ഥാപിച്ചപ്പോഴാണ് യുവതിക്ക് പുറംലോകവുമായി ബന്ധപ്പെടാൻ സാധിച്ചത്.
ഹോം സ്റ്റേയിൽ നിന്ന് രക്ഷപ്പെട്ട യുവതി ഉടൻ തന്നെ യുഎസ് എംബസിയെ വിവരം അറിയിച്ചു. എംബസി ഉദ്യോഗസ്ഥർ ഇമെയിൽ വഴി മൈസൂരു പോലീസിനെ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ട പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളെ മെയ് 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

