മോസ്കോ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി നേരിട്ടുള്ള ചർച്ചകൾക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തയ്യാറാണെന്ന് റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ്. എന്നാൽ, സമാധാന കരാറുകൾ അന്തിമമാക്കുന്ന ഘട്ടത്തിൽ മാത്രമേ ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഉണ്ടാകൂ എന്ന് റഷ്യ വ്യക്തമാക്കി.(Putin ready to meet with Zelenskyy, But with conditions, says Kremlin)
സമാധാന ചർച്ചകൾ പൂർത്തിയാക്കി ഔദ്യോഗിക കരാറുകളിൽ എത്തിച്ചേർന്ന ശേഷം മാത്രമേ പുടിനും സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമാകൂ. റഷ്യൻ പ്രസിഡന്റ് പ്രാഥമിക ചർച്ചകളിൽ പങ്കെടുക്കില്ലെന്നും ഫലങ്ങൾ അംഗീകരിക്കാൻ മാത്രമേ എത്തൂ എന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു.
വെറുമൊരു കൂടിക്കാഴ്ച എന്നതിലുപരി അത് ഫലപ്രദമാകണം എന്നതാണ് റഷ്യയുടെ നയമെന്ന് അദ്ദേഹം വ്യക്തമാക്കിയതായി റിപ്പോർട്ട് ചെയ്തു. റഷ്യയും ബെലാറസും ഒഴികെയുള്ള നിഷ്പക്ഷമായ ഏത് സ്ഥലത്തും ചർച്ചയ്ക്ക് തയ്യാറാണെന്ന് വൊളോഡിമിർ സെലൻസ്‌കി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഏതൊരു സമാധാന കരാറും യുക്രെയ്‌നിന്റെ പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും മാനിക്കുന്നതാകണമെന്ന് യുക്രെയ്ൻ ഉറച്ച നിലപാടെടുത്തിട്ടുണ്ട്.

