തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് നടപടി സ്വീകരിച്ചത്.
ലോകകപ്പ് ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട സുരക്ഷാ ഡ്യൂട്ടിക്കായി തൊടുപുഴ മങ്ങാട്ടുകവലയിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നുവെന്ന പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഔദ്യോഗിക പോലീസ് ജീപ്പിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പി, പുകയില ഉൽപ്പന്നങ്ങൾ, ചീട്ടുകൾ എന്നിവ കണ്ടെത്തിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കാതെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ കേസെടുത്തതും വിവാദത്തിന് ഇടയാക്കി.
തുടർന്ന് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് കോടതി നിർദേശിച്ചു. ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് എസ്ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്പെൻഡ് ചെയ്യാൻ എറണാകുളം റേഞ്ച് ഡി.ഐ.ജി ഉത്തരവിട്ടത്.
Story Summary:
A Sub-Inspector and a Civil Police Officer attached to Karimannoor Police Station have been suspended after liquor bottles and prohibited items were found in an official police vehicle. The action followed an inquiry ordered after public complaints and a High Court intervention.


