ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ബുദ്ധമത തീർഥാടന കേന്ദ്രമായ സാരാനാഥിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചു (Sarnath UNESCO World Heritage). ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന യുനെസ്കോ ലോക പൈതൃക സമിതിയുടെ 48-ാമത് സമ്മേളനത്തിലാണ് സാരാനാഥിനെ ലോക പൈതൃക കേന്ദ്രമായി ഉൾപ്പെടുത്താൻ തീരുമാനമായത്.
“ലോക പൈതൃക പട്ടികയിലെ പുതിയ അംഗം: സാരാനാഥിലെ പുരാതന ബുദ്ധമത കേന്ദ്രം” എന്ന് യുനെസ്കോ സാമൂഹികമാധ്യമമായ എക്സിലൂടെ പ്രഖ്യാപിച്ചു. ഇതോടെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടുന്ന ഇന്ത്യയിലെ 45-ാമത്തെ പൈതൃക കേന്ദ്രമായി സാരാനാഥ് മാറി.
ബുദ്ധന്റെ ജീവിതവുമായി ഏറ്റവും അടുത്ത ബന്ധമുള്ള നാല് പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് സാരാനാഥ്. ബോധോദയം നേടിയ ശേഷം ഗൗതമ ബുദ്ധൻ തന്റെ ആദ്യ ധർമ്മപ്രഭാഷണം നടത്തിയതും ധർമ്മചക്രപ്രവർത്തനം ആരംഭിച്ചതും ബുദ്ധസംഘത്തിന് തുടക്കമിട്ടതും ഇവിടെയാണെന്നാണ് ബൗദ്ധ പാരമ്പര്യം പറയുന്നത്.
ക്രിസ്തുവിന് മുമ്പ് മൂന്നാം നൂറ്റാണ്ട് മുതൽ ക്രിസ്തുവിന് ശേഷം 12-ാം നൂറ്റാണ്ട് വരെയുള്ള വിവിധ കാലഘട്ടങ്ങളിലെ പുരാവസ്തു അവശിഷ്ടങ്ങൾ സാരാനാഥിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്തൂപങ്ങൾ, ബൗദ്ധ വിഹാരങ്ങൾ, ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ, അശോകസ്തംഭത്തിന്റെ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ കേന്ദ്രം ഇന്ത്യയുടെ സമ്പന്നമായ ബൗദ്ധ പൈതൃകത്തിന്റെ സുപ്രധാന സാക്ഷ്യമായി കണക്കാക്കപ്പെടുന്നു.
Story Summary:
Sarnath in Uttar Pradesh has been inscribed on the UNESCO World Heritage List during the 48th session of the World Heritage Committee in Busan, South Korea. It becomes India’s 45th UNESCO World Heritage Site.


