ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു; യുവാവ് അറസ്റ്റിൽ
Nov 20, 2023, 23:04 IST

ബറേലി: 35കാരിയെ ഭർത്താവ് തീകൊളുത്തി കൊന്നു. ഉത്തർപ്രദേശിലെ ബറേലിയിലുള്ള ഗോടിയ ഗ്രാമത്തിലാണ് സംഭവം. അഞ്ജലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് നേപാൽ സിംഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ജലിയെ മറ്റൊരു യുവാവിനൊപ്പം മോശം സാഹചര്യത്തിൽ ഇയാൾ കണ്ടതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.ഷാഹി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്ഥലത്തെ വയലിന് സമീപത്ത് നിന്നാണ് അഞ്ജലിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഇവരെ നേപാൽ ജീവനോടെ കത്തിച്ചതാണെന്നാണ് ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. അഞ്ജലിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഇതിനാലാണ് കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം വീട്ടിലേയ്‌ക്ക് പോകും വഴി വയലിൽ വൈക്കോൽ കൂട്ടിയിട്ടിരിക്കുന്നതിന് മുകളിൽ ഭാര്യ ഒരു യുവാവിനൊപ്പം കിടക്കുന്നത് നേപാൽ കണ്ടു. ഉടൻ തന്നെ വയ്‌ക്കോലിന് തീയിട്ട ശേഷം അവിടെ നിന്നും കടന്നുകളഞ്ഞുവെന്നുമാണ് ഇയാൾ നൽകിയ മൊഴി.