

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ 67 കാരിയിൽ നിന്നും 30 ലക്ഷം രൂപ സൈബർ തട്ടിപ്പിലൂടെ കവർന്നു (Cyber Arrest). തീവ്രവാദ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇവരുടെ പേര് ഉയർന്നുവന്നിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 'ഡിജിറ്റൽ അറസ്റ്റ്' എന്ന പേരിൽ ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാർ പണം തട്ടിയത്.
നവംബർ 23-നാണ് ജമ്മു കശ്മീരിൽ പോസ്റ്റ് ചെയ്ത പോലീസ് സൂപ്രണ്ട് ആണെന്ന് പരിചയപ്പെടുത്തിയ ഒരാളിൽ നിന്ന് സ്ത്രീക്ക് ഫോൺ കോൾ ലഭിച്ചതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് രാജേഷ് ദണ്ഡോതിയ പറഞ്ഞു. "ഒരു തീവ്രവാദിയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ 2,300 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച സൂചനകൾ ലഭിച്ചെന്നും അതിനായി ഇവരുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടെന്നും, കള്ളപ്പണം വെളുപ്പിച്ചതിന് പകരമായി സ്ത്രീക്ക് 1.50 കോടി രൂപ ലഭിച്ചെന്നും തട്ടിപ്പുകാരൻ ഇവരോട് പറഞ്ഞു,"
അറസ്റ്റ് ഒഴിവാക്കണമെങ്കിൽ, അക്കൗണ്ടിലുള്ള പണം 'പരിശോധനയ്ക്കായി' 'സർക്കാർ അക്കൗണ്ടുകളിലേക്ക്' ഉടൻ കൈമാറണമെന്നും അല്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും തട്ടിപ്പുകാരൻ ഭീഷണിപ്പെടുത്തി. ഭയന്നുപോയ സ്ത്രീ, നവംബർ 23 മുതൽ ഡിസംബർ 3 വരെ ഇയാളുടെ നിർദ്ദേശങ്ങൾ അനുസരിക്കുകയും സ്വന്തം സമ്പാദ്യമായ ഏകദേശം 30 ലക്ഷം രൂപ കൈമാറുകയും ചെയ്തു."സ്ത്രീ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ രണ്ട് മക്കൾ വിദേശത്താണ്. തട്ടിപ്പുകാരന്റെ ഭീഷണികളെ തുടർന്ന് ദിവസങ്ങളോളം ആരെയും അറിയിക്കാതിരുന്ന ഇവർ, പിന്നീട് മകളോടും മരുമകനോടും കാര്യങ്ങൾ പറയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു," ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Unidentified cyber fraudsters extorted ₹30 lakh from a 67-year-old woman in Indore by subjecting her to a 'digital arrest,' falsely claiming her name was linked to a terror investigation and a ₹2,300 crore money laundering case.