ചണ്ഡീഗഡ് : അന്താരാഷ്ട്ര അത്ലറ്റും ആറ് തവണ ദേശീയ സ്വർണ മെഡൽ ജേതാവുമായ രോഹിത് ധൻഖറിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ അറസ്റ്റിൽ.ഭിവാനി ജില്ലയിൽ താമസിക്കുന്ന സഹോദരന്മാരായ വരുൺ, തരുൺ, ദീപക് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ബംഗുളൂരുവിൽ നിന്നാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 27നാണ് സംഭവം നടന്നത്. സുഹൃത്തിനൊപ്പം രേവാരി ഖേരയിലെ ഒരു ബന്ധുവിന്റെ വീട്ടിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു രോഹിത്.ചടങ്ങിനിടെ വരന്റെ ഭാഗത്തുനിന്നുള്ള ചില അതിഥികളുടെ മോശം പെരുമാറ്റം രോഹിതും സുഹൃത്തും ചോദ്യം ചെയ്തു. ഇത് വാക്കേറ്റത്തിലേക്ക് നയിച്ചു.
പരിപാടിക്ക് ശേഷം പിന്തുടർന്നെത്തിയ സംഘം രോഹിതും സുഹൃത്തും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി. 20 ഓളം ആളുകൾ ചേർന്ന് കാർ വളഞ്ഞ് ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് ക്രൂരമായി ഇവരെ മർദിക്കുകയായിരുന്നു.ആരോഗ്യനില മോശമായതിനെത്തുടർന്ന് പിന്നീട് റോത്തക്കിലേക്ക് മാറ്റിയെങ്കിലും മരിച്ചു.