ന്യൂഡൽഹി: വിവാഹത്തിന് ശേഷം ഏഴ് വർഷത്തിനുള്ളിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും കുടുംബത്തെയും കുറ്റക്കാരാണെന്ന് കണ്ടെത്തി ഡൽഹി കർകർദൂമ കോടതി. സ്ത്രീധനത്തിന്റെ പേരിലുള്ള ക്രൂരമായ പീഡനവും പെൺകുട്ടിക്ക് ജന്മം നൽകിയതിലുള്ള അപമാനിക്കലും യുവതിയുടെ മരണത്തിന് നേരിട്ട് കാരണമായെന്ന് ജഡ്ജി ഹർവീന്ദർ സിംഗ് നിരീക്ഷിച്ചു.(Dowry death case, Delhi Court Convicts Husband And Family In Dowry Death Case)
2011 ജൂൺ 10-നായിരുന്നു ഇവരുടെ വിവാഹം. വിവാഹ സമയത്ത് വലിയ തുക സ്ത്രീധനമായും സമ്മാനങ്ങളായും നൽകിയിട്ടും ഭർത്താവിന്റെ കുടുംബം കൂടുതൽ പണത്തിനായി യുവതിയെ നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നു. 50,000 രൂപയുടെ അപ്പാച്ചെ മോട്ടോർ സൈക്കിൾ, ബിസിനസ് ആവശ്യങ്ങൾക്കായി 40,000 രൂപ വായ്പ, ഭർത്താവിന്റെ സഹോദരിയുടെ ആവശ്യങ്ങൾക്കായി ഒരു ലക്ഷം രൂപ എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. ഇതിനുപുറമെ, പെൺകുട്ടിക്ക് ജന്മം നൽകിയതിന്റെ പേരിൽ യുവതി ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾ അനുഭവിച്ചിരുന്നതായും കുടുംബം ആരോപിച്ചു.
2016 ഓഗസ്റ്റ് 18-ന് രക്ഷാബന്ധൻ ദിനത്തിൽ ഭർത്താവും അമ്മായിയമ്മയും ഭർതൃസഹോദരനും ചേർന്ന് തന്നെ ക്രൂരമായി മർദിക്കുന്നതായി യുവതി കുടുംബത്തോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ പിറ്റേദിവസം ഭർതൃവീട്ടിലേക്ക് മടങ്ങിയ യുവതി, ഓഗസ്റ്റ് 21-ന് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൾ മരിച്ചതിന്റെ ആഘാതത്തിൽ പിതാവ് നൽകിയ പ്രാഥമിക മൊഴിയിലെ ചെറിയ പിഴവുകൾ തെളിവുകളെ ദുർബലപ്പെടുത്തുന്നില്ലെന്ന് കോടതി വ്യക്തമാക്കി. മകളെ നഷ്ടപ്പെട്ട ഒരു പിതാവിന്റെ മാനസികാവസ്ഥ സ്വാഭാവികമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വിവാഹത്തിന്റെ തുടക്കം മുതൽ മരണം വരെ യുവതി പീഡനം അനുഭവിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു. വായ്പ ആവശ്യപ്പെടുന്നത് സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. യുവതി വിഷാദരോഗത്തിന് അടിമയായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം മെഡിക്കൽ തെളിവുകളുടെ അഭാവത്തിൽ കോടതി തള്ളി. ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് വരെ യുവതി പീഡനത്തിന് ഇരയായിരുന്നുവെന്നതിന് കൃത്യമായ തെളിവുകളുണ്ടെന്നും കോടതി കണ്ടെത്തി. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ നടന്ന അസ്വാഭാവികമായ മരണം ആയതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (IPC) സെക്ഷൻ 304B പ്രകാരം സ്ത്രീധന മരണമായി പരിഗണിച്ചാണ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.
Story Summary
A Delhi court has convicted a man and his family for the dowry death of his wife, who died by suicide within seven years of their marriage. The court rejected the defense’s claims of inconsistencies in witness statements and mental depression, ruling that the persistent harassment for dowry and abuse over the birth of a girl child directly led to her tragic death.

