കൊച്ചി: കെ.എസ്.ആർ.ടി.സി. ചീഫ് ലോ ഓഫീസറും എഴുത്തുകാരിയുമായ ഹേന പി.എൻ. രചിച്ച ‘രാവണ ചിദംബരം’ എന്ന നോവൽ പ്രകാശനം ചെയ്തു (Ravana Chidambaram novel release). എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വെച്ച് നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി-വയലാർ അവാർഡ് ജേതാവുമായ എസ്. ഹരീഷിൽ നിന്നും പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവർത്തി പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി. കറന്റ് ബുക്സാണ് നോവൽ പ്രസിദ്ധീകരിച്ചത്.
മുൻ ലോക്സഭാംഗം പി.കെ. ബിജു പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നടൻ ഇർഷാദ് അലി മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ സംവിധായകനും കഥാകൃത്തുമായ എൻ. അരുൺ അധ്യക്ഷത വഹിച്ചു. സമകാലിക മലയാളം വാരിക പത്രാധിപർ സജി ജെയിംസ് പുസ്തക പരിചയം നടത്തുകയും പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ ആദ്യ വിൽപ്പന നിർവ്വഹിക്കുകയും ചെയ്തു. ഹേന പി.എൻ. പുസ്തകാവതരണം നടത്തി. സംവിധായകനും നടനുമായ പി. വിജയകുമാർ സ്വാഗതവും സി. കെ. സനിൽ നന്ദിയും പറഞ്ഞു.
പുരാണങ്ങളിൽ പ്രതിനായകനായി മുദ്രകുത്തപ്പെട്ട രാവണന്റെ ജീവിതത്തെക്കുറിച്ചുള്ള വേറിട്ട കാഴ്ചപ്പാടുകളും മാനങ്ങളുമാണ് നോവലിന്റെ പ്രമേയം. പരമശിവന്റെ പ്രിയശിഷ്യനായ രാവണന്റെ ജീവിതവഴികളും, രാവണന്റെ ‘പത്തു തലകൾ’ എന്നത് പത്തുവിധത്തിലുള്ള അതുല്യ കഴിവുകളെയാണ് സൂചിപ്പിക്കുന്നത് എന്ന വസ്തുതയും കൃതിയിൽ അനാവരണം ചെയ്യുന്നു.
വൈക്കം സ്വദേശിയായ ഹേന പി.എൻ, കേരള ആർട്ടിസാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ എം.ഡി., ഹൈക്കോടതി കെ.എസ്.ആർ.ടി.സി. ലെയ്സൺ ഓഫീസിൽ ഡെപ്യൂട്ടി ലോ ഓഫീസർ, എം.ജി. സർവ്വകലാശാല ചെയർമാൻ, വൈസ് ചെയർമാൻ, സെനറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കൃത പഠനം, ശാസ്ത്രീയ നൃത്തം, സംഗീതം, കഥകളി, ജ്യോതിഷം, ഹൈന്ദവ-ആത്മീയ ദർശനങ്ങൾ തുടങ്ങിയ മേഖലകളിലെ താല്പര്യവും വായനയുമാണ് കോവിഡ് കാലത്ത് ഈ നോവൽ പൂർത്തിയാക്കാൻ പ്രേരണയായതെന്ന് ഹേന പറഞ്ഞു.
Story Summary:
‘Ravana Chidambaram’, the debut novel by KSRTC Chief Law Officer Hena P.N., was released by acclaimed writer S. Hareesh at Bharat Tourist Home, Kochi, by presenting a copy to lyricist Shibu Chakravarthy. Published by Current Books, the novel explores a unique perspective on Ravana’s life and multifaceted talents.


