കൊച്ചി: ബിജെപി ദേശീയ അധ്യക്ഷനായ ശേഷം നിതിൻ നബീൻ ആദ്യമായി ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.45-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ബിജെപി, എൻഡിഎ നേതാക്കൾ ചേർന്ന് സ്വീകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, സ്ഥാനാർത്ഥി നിർണ്ണയവും പ്രചാരണ തന്ത്രങ്ങളും ചർച്ച ചെയ്യാനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.(BJP national president in Kerala today)
ഉച്ചയ്ക്ക് 2.30-ന് നെടുമ്പാശ്ശേരി താജ് ഹോട്ടലിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ചേരും. തിരഞ്ഞെടുപ്പ് നിലപാടുകളും സ്ഥാനാർത്ഥി പട്ടികയും സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ ഈ യോഗത്തിലുണ്ടാകും. വൈകിട്ട് 4 മണിക്ക് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ എറണാകുളം, ആലപ്പുഴ ജില്ലകളിലെ ആറായിരത്തോളം ബൂത്ത് പ്രസിഡന്റുമാരുടെ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.
വൈകിട്ട് 5.30-ന് പാലാരിവട്ടം റിനൈ ഹോട്ടലിൽ സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, മോർച്ച അധ്യക്ഷന്മാർ എന്നിവരുടെ യോഗം നടക്കും. രാത്രി 8.15-ന് എളമക്കരയിലെ ആർഎസ്എസ് സംസ്ഥാന കാര്യാലയമായ മാധവ നിവാസിൽ അദ്ദേഹം സന്ദർശനം നടത്തും. ഇതിന് മുന്നോടിയായി എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ചയും അത്താഴവിരുന്നും നിശ്ചയിച്ചിട്ടുണ്ട്. നാളെ രാവിലെ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രം സന്ദർശിച്ച ശേഷം അദ്ദേഹം തൃശൂരിലേക്ക് തിരിക്കും. രാവിലെ 10 മണിക്ക് തൃശൂർ നഗരത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ചുമരെഴുത്തിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശമേകും.



