ന്യൂഡൽഹി: യുക്രെയ്നിൽ കപ്പലിന് നേരെ ഡ്രോൺ ആക്രമണമുണ്ടായതിനെ തുടർന്ന് കാണാതായ ഇന്ത്യൻ നാവികൻ ദീപക് കുമാർ ഗുപ്തയെ കണ്ടെത്താൻ നയതന്ത്ര ചാനലുകൾ ഉപയോഗിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് സുപ്രീം കോടതി നിർദേശിച്ചു. കാണാതായ യുവാവിന്റെ സഹോദരൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് കർശന നിർദേശം നൽകിയത്.(Supreme Court Directs MEA to Trace Missing Indian Seafarer After Black Sea Drone Attack)
ഉക്രെയ്ൻ, റൊമാനിയ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെട്ട് നിലവിലെ വിവരങ്ങൾ ശേഖരിക്കാനും 22-കാരനായ ദീപക് കുമാർ ഗുപ്തയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കാനും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടു. ഹർജി വെള്ളിയാഴ്ച കൂടുതൽ വാദത്തിനായി മാറ്റിവെച്ചു.
ജൂലൈ 25-ന് ഉക്രെയ്നിലെ ഒഡെസ തുറമുഖത്തിന് സമീപം വച്ചാണ് ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്ന ‘എം.വി എ.ജി.എൻ റാഗ്നർ’ എന്ന ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായത്. ബിഹാറിലെ സിവാനിൽ നിന്നുള്ള ദീപക് കുമാർ ഗുപ്ത ഈ കപ്പലിൽ ജോലി ചെയ്തുവരികയായിരുന്നു. സംഭവത്തിന് പിന്നാലെ ജൂലൈ 26 മുതൽ 30 വരെ വിദേശകാര്യ മന്ത്രാലയത്തിനും എംബസികൾക്കും നിവേദനം നൽകിയെങ്കിലും കൃത്യമായ മറുപടിയോ സഹായമോ ലഭിക്കാത്തതിനെ തുടർന്നാണ് ദീപകിന്റെ ജ്യേഷ്ഠൻ സന്ദീപ് കുമാർ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തരമായി തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സുപ്രീം കോടതി ഇടപടണമെന്ന് കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടു.
Story Summary
The Supreme Court has directed the Ministry of External Affairs to utilize diplomatic channels with Indian embassies in Ukraine and Romania to trace 22-year-old Indian seafarer Deepak Kumar Gupta. Gupta went missing after his cargo ship, MV AGN Ragnar, was struck by drones in the Black Sea near Odesa port on July 25.


