കൊച്ചി: കനത്ത മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്നത് വൈകിയതിനെ തുടർന്ന് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ ഫേസ്ബുക്ക് പേജിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും വിമർശന കമന്റുകൾ. സംസ്ഥാനത്ത് മറ്റ് പല ജില്ലകളിലും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും എറണാകുളത്ത് രാത്രി 11 മണി കഴിഞ്ഞ ശേഷമാണ് കളക്ടറുടെ ഔദ്യോഗിക പേജിലൂടെ നിർദേശം പുറത്തുവന്നത്.(Ernakulam Collector G Priyanka Criticized On Social Media Over Late Rain Holiday Announcement)
കുട്ടികൾ ഉറങ്ങാൻ കിടക്കുന്നതിന് മുൻപെങ്കിലും ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കമന്റ് ബോക്സിൽ ആളുകൾ അമർഷം രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി രാത്രി ലൈവിൽ വരുന്നതുപോലെയുണ്ട് ഈ പ്രഖ്യാപനം, കുട്ടികൾ ഉറങ്ങുന്നതിന് മുമ്പ് പ്രഖ്യാപിക്കേണ്ടേ തുടങ്ങിയ പരിഹാസരൂപേണയുള്ള കമന്റുകളാണ് പേജിൽ നിറഞ്ഞത്.
കുട്ടികളുടെ സ്കൂൾ ആവശ്യങ്ങൾക്കും യാത്രകൾക്കുമായി മാതാപിതാക്കൾ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്നും, അതിനാൽ ഇത്തരം തീരുമാനങ്ങൾ കുറച്ചുകൂടി മുൻകൂട്ടി അറിയിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. വൈകിയാണെങ്കിലും അവധി നൽകിയതിൽ നന്ദി അറിയിച്ചവരും, ഇത്തരം തീരുമാനങ്ങൾ നേരത്തെ എടുക്കാൻ വേണ്ട ‘സെൻസും സെൻസിബിലിറ്റിയും’ കാണിക്കണമെന്ന് ഉപദേശിച്ചവരും കൂട്ടത്തിലുണ്ട്.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ 12 ജില്ലകളിലാണ് ഇതുവരെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ ജില്ലയിൽ ഇന്ന് രാവിലെയോടെയാണ് അവധി അറിയിപ്പ് വന്നത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ കൂടുതൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും ജലാശയങ്ങളിലെ വിനോദസഞ്ചാരത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Story Summary
Ernakulam District Collector G. Priyanka faced backlash on social media for announcing a school holiday late at night due to heavy rains. Parents expressed frustration over the delay, emphasizing the need for timely decisions to plan their schedules effectively.


