കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ‘സാരിപ്പൂക്കളം’ തീർത്ത് ചരിത്ര നേട്ടവും ലോക റെക്കോർഡും സ്വന്തമാക്കി കേരളത്തിലെ പ്രമുഖ വെഡിങ് ടെക്സ്റ്റൈൽസ് ബ്രാൻഡായ മഹാറാണി വെഡിങ് കളക്ഷൻസ് (Maharani Wedding Collections). പരമ്പരാഗത രീതിയിലുള്ള പൂക്കൾക്ക് പകരം വർണ്ണാഭമായ സാരികൾ മാത്രം ഉപയോഗിച്ച് ഒരുക്കിയ ഏറ്റവും വലിയ പൂക്കളം എന്ന അപൂർവ്വ റെക്കോർഡാണ് തൊടുപുഴ മഹാറാണി വെഡിങ് കളക്ഷൻസ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര റെക്കോർഡ് ഫൗണ്ടേഷനായ യൂണിവേഴ്സൽ റെക്കോർഡ്‌സ് ഫോറമാണ് (URF) റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കൊച്ചി വൈറ്റില ഫോറം മാളിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ മൾട്ടിപ്പിൾ ഗിന്നസ് റെക്കോർഡ് ഹോൾഡറും യു.ആർ.എഫ് ചീഫ് എഡിറ്ററുമായ സുനിൽ ജോസഫിൽ നിന്നും മഹാറാണി വെഡിങ് കളക്ഷൻസ് എം.ഡി. റിയാസ് വി. എ. റെക്കോർഡ് സാക്ഷ്യപത്രം ഏറ്റുവാങ്ങി. ചടങ്ങിൽ വ്യവസായ-സാംസ്കാരിക പ്രമുഖരും ചലച്ചിത്ര-സീരിയൽ താരങ്ങളും ജനപ്രതിനിധികളും പങ്കെടുത്തു.
വരാനിരിക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഫോറം മാളിലെ വിശാലമായ ഗ്രൗണ്ട് ഫ്ലോറിൽ 2,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ഈ കൂറ്റൻ സാരിപ്പൂക്കളം തീർത്തത്. വൈവിധ്യമാർന്ന നിറങ്ങളിലുള്ള സിൽക്, കാഞ്ചീപുരം പട്ട് ഉൾപ്പെടെയുള്ള 2,100 സാരികൾ ഇതിനായി ഉപയോഗിച്ചു. തൊടുപുഴ മഹാറാണിയിലെ ജീവനക്കാർ തയ്യാറാക്കിയ ലേഔട്ട് ഡിസൈൻ പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി സുരേഷും മഹാറാണി ക്രിയേറ്റീവ് ടീമും ചേർന്നാണ് അതിമനോഹരമായി പൂർത്തിയാക്കിയത്. ‘സ്ത്രീത്വത്തെ ആഘോഷിക്കുക’ എന്ന സന്ദേശമുയർത്തിപ്പിടിച്ചാണ് ഇത്തരമൊരു വേറിട്ട പരീക്ഷണം നടത്തിയത്.
സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടതെന്നും പരമ്പരാഗത കേരള തനിമയും ആധുനിക ഫാഷനും കോർത്തിണക്കിയ സാരിപ്പൂക്കളത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്നും മഹാറാണി ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റിയാസ് വി. എ. പറഞ്ഞു.
Story Summary:
Thodupuzha-based Maharani Wedding Collections set a Universal Records Forum (URF) world record by creating the world’s largest ‘Saree Pookalam’ using 2,100 sarees over a 2,000 sq ft area at Forum Mall, Kochi. MD Reeyas V. A. received the honor at a ceremony in Kochi.



