തിരുവനന്തപുരം: സംസ്ഥാനത്ത് മഴ അതിതീവ്രമായി തുടരുന്ന സാഹചര്യത്തിൽ അടിയന്തര ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് (01/08/2026) സംസ്ഥാനത്തെ 9 ജില്ലകളിൽ റെഡ് അലർട്ടും 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.(Kerala Heavy Rain Alert IMD Red Alert In 9 Districts Extreme Rainfall Advisory)
തീവ്രമഴ മിന്നൽ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും കാരണമായേക്കാമെന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. റെഡ് അലർട്ട് ഉള്ള ജില്ലകൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ പെയ്യുന്ന അതിതീവ്രമായ മഴയാണ് ലഭിക്കാൻ സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ ലഭിക്കുന്ന അതിശക്തമായ മഴ ലഭിക്കാനാണ് സാധ്യത. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴ ലഭിക്കും.
മലയോര മേഖലകളിലെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള ഇടങ്ങളിലുള്ളവരും പകൽ സമയത്ത് തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറണം. അതിശക്തമായ മഴ മാറും വരെ മലയോര മേഖലകൾ, വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ എന്നിവടങ്ങളിലേക്കുള്ള വിനോദസഞ്ചാര യാത്രകളും അത്യാവശ്യമല്ലാത്ത മറ്റ് യാത്രകളും പൂർണ്ണമായും ഒഴിവാക്കുക. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ നദി മുറിച്ചുകടക്കാനോ ഒരു കാരണവശാലും ഇറങ്ങരുത്.
അടച്ചുറപ്പില്ലാത്തതും മേൽക്കൂര ബലമില്ലാത്തതുമായ വീടുകളിൽ കഴിയുന്നവർ മുൻകരുതലിന്റെ ഭാഗമായി അധികൃതരുടെ സഹായത്തോടെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണം. അപകടാവസ്ഥയിലുള്ള മരങ്ങൾ/ചില്ലകൾ കോതി ഒതുക്കുക. തീരദേശത്ത് കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ ഉള്ളവർ ജാഗ്രത പാലിക്കുകയും മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കുകയും ചെയ്യേണ്ടതാണ്. റെഡ്, ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ പ്രാദേശികമായി റവന്യൂ/തദ്ദേശ സ്ഥാപനങ്ങൾ തയ്യാറാക്കിയിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകൾ എവിടെയാണെന്ന് മുൻകൂട്ടി മനസ്സിലാക്കി വെക്കുക.
Story Summary
IMD issues a Red Alert for 9 districts in Kerala today (August 1, 2026) as extremely heavy rains trigger landslide and flash flood warnings across the state. Orange alert issued for 5 other districts and Yellow alert for tomorrow.


