വാഷിംഗ്ടൺ: വെനിസ്വേലൻ മുൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഉറ്റ സഹായിയും മുൻ മന്ത്രിയുമായ അലക്സ് സാബ് വെനിസ്വേലയിൽ അറസ്റ്റിലായതായി യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു (Nicolas Maduro ally Alex Saab arrested). അമേരിക്കയും വെനിസ്വേലയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് കൊളംബിയൻ വംശജനായ വ്യവസായി പിടിയിലായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെനിസ്വേലയിലെ ഗ്ലോബോവിഷൻ ടിവി നെറ്റ്‌വർക്ക് തലവൻ റൗൾ ഗോറിനും ഇതേ ഓപ്പറേഷനിൽ അറസ്റ്റിലായതായാണ് വിവരം.
മഡുറോ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റ ഡെൽസി റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സർക്കാർ അമേരിക്കൻ ഏജൻസികളുമായി സഹകരിച്ചാണ് ഈ അറസ്റ്റ് രേഖപ്പെടുത്തിയത്. മഡുറോ സർക്കാരിൽ വ്യവസായ മന്ത്രിയായിരുന്ന സാബിനെ കഴിഞ്ഞ മാസമാണ് പുതിയ സർക്കാർ സ്ഥാനത്ത് നിന്ന് നീക്കിയത്. സാബിനെ വരും ദിവസങ്ങളിൽ അമേരിക്കയ്ക്ക് കൈമാറിയേക്കുമെന്നാണ് യുഎസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. വെനിസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങൾക്ക് ശേഷമുള്ള നിർണ്ണായക നീക്കമായിട്ടാണ് ഇതിനെ നയതന്ത്ര ലോകം കാണുന്നത്.
അതേസമയം, അറസ്റ്റ് വാർത്ത വ്യാജമാണെന്ന് സാബിന്റെ അഭിഭാഷകൻ ലൂയിഗി ഗിയൂലിയാനോ പ്രതികരിച്ചു. വെനിസ്വേലൻ സർക്കാർ അനുകൂല മാധ്യമപ്രവർത്തകരും ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്. എന്നാൽ വെനിസ്വേലയിലെ ഉന്നത നിയമനിർമ്മാതാവ് ജോർജ്ജ് റോഡ്രിഗസ് ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല. 2020-ൽ കേപ് വെർഡെയിൽ വെച്ച് അറസ്റ്റിലായ സാബ് മൂന്ന് വർഷത്തോളം യുഎസ് തടവിലായിരുന്നു. പിന്നീട് വെനിസ്വേല തടവിലാക്കിയ അമേരിക്കക്കാരെ മോചിപ്പിക്കുന്നതിന് പകരമായി 2023-ലാണ് ഇദ്ദേഹത്തെ വിട്ടയച്ചിരുന്നത്. വെനിസ്വേലയിൽ നിന്ന് 350 മില്യൺ ഡോളർ കടത്തിയെന്ന അഴിമതി ആരോപണമാണ് ഇദ്ദേഹത്തിന് മേലുള്ളത്.

