കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളുടെ മലയോര മേഖലകളിൽ അതിതീവ്ര മഴയെ തുടർന്ന് വൻ തോതിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മണപ്പാട് ജോസഫിൻ ജോണി (24) മരണപ്പെട്ടു. വീടിനു മുകളിലേക്ക് വൻതോതിൽ മണ്ണും കല്ലും പതിച്ചതിനെ തുടർന്ന് കുടുങ്ങിപ്പോയ മാതാവ് റെജീനയ്ക്കായുള്ള തെരച്ചിൽ പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്.(Payyanithottam Landslide Death Josephin Johni Search Continues For Mother Regina)
മറ്റൊരു സംഭവത്തിൽ, ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ സുമതി എന്ന വീട്ടമ്മയുടെ മൃതദേഹം ദുരന്തനിവാരണ സേന കണ്ടെടുത്തു. വീട് നിന്നിരുന്ന സ്ഥാനത്തുനിന്നും 500 അടിയോളം താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് കാണാതായ വൈക്കം സ്വദേശി പ്രഭാകരൻ നായരുടെയും (72) മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ജോസഫിന് ഉരുൾപൊട്ടലുണ്ടായപ്പോൾ പെട്ടെന്ന് ഓടി രക്ഷപ്പെടാനായില്ല. ഭർത്താവ് എം.ജെ. ജോണി തൊട്ടടുത്ത വീട്ടിലായിരുന്നതിനാലും, മക്കളായ ജോമിറ്റും സോമിറ്റും വീട്ടിലില്ലാതിരുന്നതിനാലും അവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇടമല ഭാഗത്തുനിന്നാണ് അപ്രതീക്ഷിതമായി വൻ മലവെള്ളപ്പാച്ചിലും മണ്ണും ഒഴുകിയെത്തിയത്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കൂട്ടിക്കൽ, കൊക്കയാർ, മൂന്നിലവ് മേഖലകളിൽ മീനച്ചിലാറ് കരകവിഞ്ഞ് പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഈരാറ്റുപേട്ട-വാഗമൺ, പാലാ-ഈരാറ്റുപേട്ട റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
Story Summary
A youth, Josephin Johni, lost his life after a landslide damaged a house at Payyanithottam in Poonjar, Kottayam. Search operations continue for his mother Regina. Meanwhile, bodies of landslide victims were recovered in Kudayathoor and Vagamon as heavy rains wreak havoc across Kottayam and Idukki districts.


