സൂറിച്ച്: ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളുടെ നടത്തിപ്പിൽ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള വിവാദ പദ്ധതി ഉപേക്ഷിച്ച് ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ (FIFA World Cup Private Investment). യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷനായ യുവേഫ ഉൾപ്പെടെ വിവിധ അംഗ അസോസിയേഷനുകളിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പദ്ധതി പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.
ഫിഫയുടെ പ്രധാന മത്സരങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന പുതിയ വിഭാഗത്തിന്റെ ഏകദേശം 20 ശതമാനം ഓഹരി ബാഹ്യ നിക്ഷേപകർക്ക് വിൽക്കാനായിരുന്നു പദ്ധതി. ഇതിലൂടെ 4.2 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ഫിഫ ലക്ഷ്യമിട്ടിരുന്നത്. പദ്ധതിയുടെ അടിസ്ഥാനത്തിൽ പുതിയ വിഭാഗത്തിന് ഏകദേശം 20 ബില്യൺ ഡോളറിന്റെ മൂല്യനിർണയവും കണക്കാക്കിയിരുന്നു. എന്നാൽ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഫുട്ബോൾ ലോകത്ത് കടുത്ത വിമർശനം ഉയർന്നു. നിർണായകമായ ഒരു തീരുമാനം അംഗ അസോസിയേഷനുകളുമായി വേണ്ടത്ര കൂടിയാലോചന നടത്താതെയാണ് രഹസ്യമായി തയ്യാറാക്കിയതെന്ന് യുവേഫ ആരോപിച്ചു. ഫുട്ബോളിന്റെ ആത്മാവിനെ വിൽപ്പനയ്ക്ക് വയ്ക്കുന്നതിന് തുല്യമായ നടപടിയാണിതെന്നും യൂറോപ്യൻ ഫുട്ബോൾ ഭരണസമിതി വിമർശിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഫിഫ മത്സരങ്ങൾ ബഹിഷ്കരിക്കാനുള്ള തീരുമാനവും യുവേഫ കൈക്കൊണ്ടിരുന്നു.
വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ പരിഗണിച്ചപ്പോൾ പദ്ധതി ഫുട്ബോൾ ലോകത്ത് വലിയ ഭിന്നത സൃഷ്ടിച്ചതായി വ്യക്തമായെന്ന് ഇൻഫാന്റിനോ പ്രസ്താവനയിൽ പറഞ്ഞു. ഫുട്ബോളിനെ ഒരുമിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഫിഫയുടെ ലക്ഷ്യമെന്നും നിലവിലെ സാഹചര്യത്തിൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്വകാര്യ നിക്ഷേപ പദ്ധതിയെ വിമർശിച്ച് ഇൻഫാന്റിനോയുടെ മുതിർന്ന ഉപദേഷ്ടാവ് കാർലോസ് കോർഡെയ്‌റോ രാജിവെച്ചു. ഇത് ഫുട്ബോളിന് ഗുണകരമല്ലാത്ത കരാറാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഫിഫയുടെ പ്രവർത്തന മേധാവി കെവിൻ ലമൂറും പദ്ധതിയുടെ രൂപീകരണ രീതിയെ വിമർശിച്ചതായാണ് റിപ്പോർട്ട്.
ഫിഫയുടെ തീരുമാനമെടുക്കൽ രീതിയെയും ഭരണസംവിധാനത്തെയും കുറിച്ചുള്ള ചർച്ചകൾക്കും വിവാദം വഴിവെച്ചിട്ടുണ്ട്. ഇൻഫാന്റിനോയുടെ നേതൃത്വത്തിൽ ഫിഫയുടെ കൂടിയാലോചനാ സംവിധാനത്തിലും തീരുമാനമെടുക്കൽ പ്രക്രിയയിലും അടിസ്ഥാനപരമായ വീഴ്ചകളുണ്ടായെന്ന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) ആരോപിച്ചു. ഫിഫയുടെ ഭരണരീതിയും തീരുമാനമെടുക്കൽ ചട്ടക്കൂടും അടിയന്തരമായി പുനഃപരിശോധിക്കണമെന്നും എഎഫ്‌സി ആവശ്യപ്പെട്ടു.
2026 ലോകകപ്പിന് പിന്നാലെ ഇൻഫാന്റിനോയുടെ നേതൃത്വത്തിനെതിരെ ഉയരുന്ന ഏറ്റവും ശക്തമായ വിമർശനങ്ങളിലൊന്നായാണ് പുതിയ വിവാദം വിലയിരുത്തപ്പെടുന്നത്. 2031 വരെ അവസാന കാലാവധിക്കായി വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്ന ഇൻഫാന്റിനോയുടെ ഭാവി നേതൃത്വത്തെക്കുറിച്ചും ഇതോടെ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ വെല്ലുവിളിക്കാൻ പുതിയ സ്ഥാനാർഥികൾ രംഗത്തെത്തുമോയെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
Summary: FIFA has withdrawn its controversial plan to sell a 20 percent stake in a new commercial unit managing major events, including the World Cup, following strong opposition from UEFA and several member associations. The backlash has also intensified scrutiny of FIFA President Gianni Infantino’s leadership and decision-making process.


