കൊച്ചി: സംസ്ഥാനത്ത് അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ കടുത്ത കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതിയുടെ കർശന മുന്നറിയിപ്പ്. തിരുവനന്തപുരത്തും കൊല്ലത്തും വീണ്ടും ഇത്തരം ഫ്ലെക്സുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.(Kerala High Court Warns Contempt Action Over Illegal Flex Boards)
നേരത്തെയും വിഷയത്തിൽ വ്യക്തമായ നിരോധന ഉത്തരവുകൾ നിലനിൽക്കുന്നുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. അനധികൃത ബോർഡുകൾക്കെതിരെ തമിഴ്നാട് മാതൃകാപരമായ കർശന നടപടികളാണ് സ്വീകരിച്ചതെന്ന് ചൂണ്ടിക്കാണിച്ച കോടതി, കൃത്യമായ ഉത്തരവുകൾ ഉണ്ടായിട്ടും കേരളത്തിൽ സമാനമായ നീക്കങ്ങൾ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടും കോടതി പരിശോധിച്ചു. രാഷ്ട്രീയ പാർട്ടികൾ, മതസ്ഥാപനങ്ങൾ, വ്യാപാരി വ്യവസായി സംഘടനകൾ, മറ്റ് വിവിധ കൂട്ടായ്മകൾ എന്നിവരാണ് പ്രധാനമായും തിരുവനന്തപുരത്തും കൊല്ലത്തും ബോർഡുകൾ വെച്ചുപിടിപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഉത്തരവുകൾ കൃത്യമായി നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ സർക്കാർ ഉടൻ ബോധിപ്പിക്കണം. അതത് പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ അതീവ ജാഗ്രത പുലർത്തണമെന്നും, പരിധിയിലുള്ള മുഴുവൻ അനധികൃത ഫ്ലെക്സുകളും ഉടനടി നീക്കം ചെയ്ത് പുതിയവ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. സെക്രട്ടറിമാർക്ക് നൽകുന്ന അവസാന അവസരമാണിതെന്നും വീഴ്ചവരുത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Story Summary
The Kerala High Court has warned of contempt proceedings if directives against illegal flex boards are violated. Justice Devan Ramachandran pulled up the government and local body secretaries, giving them a final opportunity to remove illegal banners across districts like Thiruvananthapuram and Kollam.


