ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം വീണ്ടും കുടുംബത്തിലെത്തിയത് (Message in a Bottle Found). പരിസ്ഥിതി സംരക്ഷണ സംഘടനയായ ദി ടൈഡ്‌ലാൻഡ്സ് ഇന്നീഷ്യേറ്റീവ് സഹസ്ഥാപകൻ ജോൺ കോട്ടർമാൻ ന്യൂജഴ്‌സിയിലെ അപ്പർ ടൗൺഷിപ്പ് ചതുപ്പുനിലങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്തുന്നതിനിടെയാണ് സീൽ ചെയ്ത ഗ്ലാസ് കുപ്പി കണ്ടെത്തിയത്. തുറന്നുനോക്കിയപ്പോൾ അതിനുള്ളിൽ സൂക്ഷിച്ചിരുന്ന കത്ത് എല്ലാവരെയും അമ്പരപ്പിച്ചു.
“1973 ഓഗസ്റ്റ് 20-ന് ഓഷ്യൻ സിറ്റിയിലെ രണ്ടാം സ്ട്രീറ്റ് ബീച്ചിൽ നിന്ന് എന്നെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്ക് ക്രൂരരായ സ്പോഞ്ച് മത്സ്യത്തൊഴിലാളികൾ തട്ടിക്കൊണ്ടുപോകുകയാണ്. സ്രാവുകൾ നിറഞ്ഞ കടലിൽ അവർ എന്നെ മുങ്ങാൻ നിർബന്ധിക്കുന്നു. ദയവായി എന്റെ കുടുംബത്തെ അറിയിക്കൂ. നിങ്ങൾ എന്റെ ജീവൻ രക്ഷിച്ചേക്കാം,” എന്നായിരുന്നു ഒമ്പത് വയസ്സുകാരിയുടെ ഭാവനയിൽ എഴുതിയ സന്ദേശം.
കത്തിന്റെ ചിത്രം ജോൺ കോട്ടർമാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് അത് വൈറലായത്. ഒടുവിൽ സന്ദേശം ലോറി ബ്ലെയറിന്റെ സഹോദരി ആലിസൺ സ്പെൻസറിലെത്തി. അന്ന് 16 വയസ്സായിരുന്ന താനാണ് ഇളയ സഹോദരി പറഞ്ഞുകൊടുത്ത വാക്കുകൾ മനോഹരമായ കൈയക്ഷരത്തിൽ എഴുതിയതെന്നും പിന്നീട് ഇരുവരും ചേർന്ന് കുപ്പി കടലിലേക്ക് ഒഴുക്കിയതാണെന്നും സ്പെൻസർ ഓർത്തെടുത്തു.
“എന്റെ സഹോദരി വളരെ സൃഷ്ടിപരവും തമാശബോധമുള്ള വ്യക്തിയായിരുന്നു. ഈ വിചിത്ര കഥ അവൾ നിമിഷങ്ങൾക്കകം സൃഷ്ടിച്ചതാണ്,” സ്പെൻസർ പറഞ്ഞു.
എന്നാൽ ഈ സന്തോഷവാർത്തയ്ക്കൊപ്പം ഒരു സങ്കടവാർത്തയും കോട്ടർമാനെ കാത്തിരുന്നു. കത്ത് എഴുതിയ ലോറി ബ്ലെയർ 2019-ൽ കാൻസർ ബാധിച്ച് മരിച്ചിരുന്നു. അതേസമയം, താനും ലോറിയും ഒരേ ജന്മദിനം പങ്കിടുന്നവരാണെന്ന വിവരം കോട്ടർമാനെ അതിശയിപ്പിച്ചു. കത്ത് പിന്നീട് ആലിസൺ സ്പെൻസറിന് തപാലിൽ അയച്ചുനൽകി. അത് പ്രത്യേക ഫ്രെയിമിൽ സൂക്ഷിച്ച് വീട്ടിൽ പ്രദർശിപ്പിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. “ഈ കത്ത് ഒരുദിവസം ആരെങ്കിലും കണ്ടെത്തുമെന്ന് അന്ന് തന്നെ സഹോദരി ഉറച്ചുവിശ്വസിച്ചിരുന്നു. ഇന്ന് അവൾ ഉണ്ടായിരുന്നെങ്കിൽ ‘ഞാൻ പറഞ്ഞില്ലേ’ എന്ന് ചിരിക്കുമായിരുന്നുവെന്ന് തോന്നുന്നു,” സ്പെൻസർ പറഞ്ഞു.
Summary: A message in a bottle written by nine-year-old Laurie Blair in 1973 has been discovered in New Jersey wetlands after 53 years. The humorous letter was reunited with her family, though Laurie sadly passed away in 2019.


