കോഴിക്കോട്: ആസ്ത്മ (Asthma) രോഗികൾ താൽക്കാലിക ആശ്വാസം നൽകുന്ന റിലീവർ ഇൻഹേലറുകളെ മാത്രം ആശ്രയിക്കുന്ന രീതി ഒഴിവാക്കി രോഗത്തെ ദീർഘകാലാടിസ്ഥാനത്തിൽ നിയന്ത്രിക്കുന്ന ചികിത്സ സ്വീകരിക്കണമെന്ന് കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ പൾമണോളജി വിഭാഗം ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. മധു കെ. നിർദേശിച്ചു.
ഇന്ത്യയിൽ ഏകദേശം 3.5 കോടി പേർ ആസ്ത്മ ബാധിതരാണെന്നും, ലംഗ് ഇന്ത്യ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ചികിത്സ ആവശ്യമായവരിൽ 90 ശതമാനത്തോളം പേർക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആസ്ത്മ ശ്വാസനാളുകളിൽ ദീർഘകാലമായി നിലനിൽക്കുന്ന വീക്കം മൂലമുണ്ടാകുന്ന രോഗമാണെന്നും രോഗലക്ഷണങ്ങൾ പ്രകടമല്ലാത്ത സമയത്തും ഈ വീക്കം തുടരാൻ സാധ്യതയുണ്ടെന്നും ഡോ. മധു വിശദീകരിച്ചു. രോഗത്തിന്റെ തുടക്കത്തിൽ തന്നെ ഫലപ്രദമായി നിയന്ത്രിച്ചില്ലെങ്കിൽ ഗുരുതരമായ ശ്വാസതടസ്സം, ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത കുറയൽ തുടങ്ങിയ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ശ്വാസനാളിലെ വീക്കം നിയന്ത്രിക്കാൻ ഇൻഹേൽഡ് കോർട്ടിക്കോസ്റ്റീറോയിഡ് (ICS) അടിസ്ഥാനമാക്കിയുള്ള കൺട്രോളർ ഇൻഹേലറുകളാണ് കൂടുതൽ ഫലപ്രദമെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ താൽക്കാലികമായി ശമിപ്പിക്കുന്ന റിലീവർ ഇൻഹേലറുകൾ മാത്രം ഉപയോഗിക്കുന്നത് രോഗത്തിന്റെ അടിസ്ഥാന കാരണത്തെ നിയന്ത്രിക്കാൻ പര്യാപ്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആസ്ത്മ ചികിത്സയിൽ റിലീവർ ഇൻഹേലറുകളെ മാത്രം ആശ്രയിക്കുന്ന രീതിയിൽ നിന്ന് മാറി ICS അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതി സ്വീകരിക്കണമെന്നാണ് ഗ്ലോബൽ ഇനിഷ്യേറ്റീവ് ഫോർ ആസ്ത്മ (GINA 2026) പുറത്തിറക്കിയ ഏറ്റവും പുതിയ മാർഗനിർദേശങ്ങളിലും ശുപാർശ ചെയ്യുന്നതെന്ന് ഡോ. മധു പറഞ്ഞു.
Story Summary:
Asthma patients should shift from relying only on reliever inhalers to long-term controller therapy based on inhaled corticosteroids (ICS), according to pulmonologist Dr. Madhu K. He said millions of asthma patients in India still do not receive adequate treatment.


