കെയ്‌റോ: ഗാസ മുനമ്പിലെ ദെയ്ർ അൽ ബലാഹിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നിയന്ത്രണത്തിലുള്ള ആഭ്യന്തര സുരക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി മെഡിക്കൽ വൃത്തങ്ങളും പൊലീസ് അധികൃതരും അറിയിച്ചു (Hamas Security Official Killed). ഞായറാഴ്ച നടന്ന ആക്രമണത്തിൽ ഹമാസ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ മധ്യ ഗാസ മേധാവിയായ കേണൽ വെയിൽ എൽ ലെദാവിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ മേജർ റമീസ് അബു സ്രായിഖും കൊല്ലപ്പെട്ടതായാണ് ഹമാസ് നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് ഇവർ ആക്രമണത്തിനിരയായതെന്നാണ് വിവരം. ഹമാസ് സായുധ വിഭാഗത്തിലെ ഒരു പ്രവർത്തകനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ മാസങ്ങളിലും ഹമാസ് നിയന്ത്രണത്തിലുള്ള പൊലീസ് വിഭാഗത്തിലെ നിരവധി അംഗങ്ങളെ ഇസ്രയേൽ സൈന്യം ലക്ഷ്യമിട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ പലരും ഹമാസ് സായുധ വിഭാഗവുമായി ബന്ധമുള്ളവരാണെന്നും ഇസ്രയേലിന് ഭീഷണി ഉയർത്തിയിരുന്നവരാണെന്നും സൈന്യം ആരോപിച്ചിരുന്നു. എന്നാൽ ഗാസയിലെ പൊലീസ് വിഭാഗത്തെയും സുരക്ഷാ സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ പ്രദേശത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കമാണെന്നും, അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിലുള്ള വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഹമാസ് ആരോപിച്ചു.
വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ 1,190-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് അധികൃതരുടെ കണക്ക്. അതേസമയം, ഗാസയിൽ പ്രവർത്തിക്കുന്ന സായുധ സംഘങ്ങളുടെ ആക്രമണങ്ങളിൽ നാല് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 2023 ഒക്ടോബറിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച രണ്ടുവർഷത്തെ ഇസ്രയേൽ സൈനിക നടപടിയിൽ ഗാസയുടെ വലിയൊരു ഭാഗം തകർന്ന നിലയിലാണ്. നിലവിൽ ഗാസയുടെ ഏകദേശം 64 ശതമാനം പ്രദേശം ഇസ്രയേലിന്റെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഗാസയിലെ 20 ലക്ഷത്തോളം ജനങ്ങളിൽ ഭൂരിഭാഗവും തീരദേശത്തെ ചെറിയ പ്രദേശങ്ങളിൽ താൽക്കാലിക ക്യാമ്പുകളിലും തകർന്ന കെട്ടിടങ്ങളിലുമാണ് കഴിയുന്നത്.
Summary: An Israeli airstrike in central Gaza killed a senior Hamas internal security official and his associate, according to Palestinian medical and security sources. Israel confirmed targeting a Hamas militant, while Hamas accused Israel of worsening instability in Gaza.


