ന്യൂഡൽഹി: സിജെപി പാർലമെന്റ് മാർച്ചിനെ നേരിട്ടതിൽ ദ്രുത കർമ്മ സേനയായ ആർഎഎഫിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആഭ്യന്തര അവലോകനത്തിൽ കണ്ടെത്തൽ. വിദ്യാർഥി പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് ആർഎഎഫ് വിലയിരുത്തൽ (CJP Parliament March RAF Report). ഇതിന്റെ പശ്ചാത്തലത്തിൽ ഇനി ഒരു നിർദേശം ഉണ്ടാകുന്നത് വരെ പെല്ലറ്റ് ഗൺ അടക്കമുള്ള ചില നിയന്ത്രണ ഉപകരണങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. സമരത്തെ നേരിടാൻ വിന്യസിച്ച സേനാംഗങ്ങൾക്ക് മതിയായ നിർദേശങ്ങൾ നൽകുന്നതിലും വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധ നിയന്ത്രണത്തിനിടെ ചില ഉദ്യോഗസ്ഥർ സ്വയം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആർഎഎഫ് കണ്ടെത്തി. സമരക്കാരെ നേരിടുമ്പോൾ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പ്രവർത്തിച്ച സേനാംഗങ്ങളുടെ ദൃശ്യങ്ങളും സി ആർ പി എഫ് പരിശോധിച്ചു.
ആർഎഎഫ് ഇൻസ്പെക്ടർ ജനറലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നടപടികൾ വിലയിരുത്തിയത്. പെല്ലറ്റ് ഗൺ, ഇലക്ട്രിക് ഷീൽഡ്, ആന്റി റയറ്റ് ഗൺ തുടങ്ങിയ ഉപകരണങ്ങളുടെ ഉപയോഗത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. ദ്രുത കർമ്മ സേനയുടെ പ്രവർത്തനരീതിയിൽ സമഗ്രമായ പ്രൊഫഷണൽ വിലയിരുത്തൽ നടത്തുമെന്നും സി ആർ പി എഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിങ് അറിയിച്ചു.
സിജെപിയുടെ പാർലമെന്റ് മാർച്ചിനിടെ പൊലീസ് നടപടിയിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പെല്ലറ്റ് ആക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതേസമയം, സംഘർഷത്തിനിടെ പരിക്കേറ്റ ആർഎംഎൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ സേനയുടെ ഇടപെടൽ രീതിയെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്കിടെയാണ് ആർഎഎഫിന്റെ ആഭ്യന്തര പരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധങ്ങളെ നേരിടുമ്പോൾ ശക്തിപ്രയോഗത്തിനുപകരം കൂടുതൽ കൃത്യമായ മാർഗനിർദേശങ്ങളും പരിശീലനവും ഉറപ്പാക്കണമെന്ന ചർച്ചകളും ഇതോടെ ശക്തമായിരിക്കുകയാണ്.
Summary: The Rapid Action Force (RAF) has reportedly found serious lapses in handling the CJP Parliament march in Delhi. An internal review concluded that the use of pellet guns and electric shock devices was unnecessary, leading to temporary restrictions on such equipment.


