മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയിൽ ഉണ്ടായ ഗുരുതര ബസ് അപകടത്തിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ അന്വേഷണം ഊർജിതമാക്കി. കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിന് സമീപം ഇറക്കവും വളവും കൂടിച്ചേരുന്ന ഭാഗത്താണ് അപകടമുണ്ടായത്. അമിതവേഗവും ടയർ തകരാറും ഉൾപ്പെടെ വിവിധ സാധ്യതകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. (Kuttippuram Bus Accident)
പ്രാഥമിക അന്വേഷണത്തിൽ, മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ബസ് ആദ്യം ഡിവൈഡറിലിടിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇടിയുടെ ആഘാതത്തിൽ ഒരു ടയർ ഊരിത്തെറിക്കുകയും നിയന്ത്രണം നഷ്ടമായ ബസ് വീണ്ടും മറുവശത്തെ ഡിവൈഡറിലിടിച്ച് തലകീഴായി മറിയുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ച ഉണ്ടായ മറ്റൊരു അപകടത്തെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ബസ് പതിച്ചത്.
അപകടം നടന്ന ഉടൻ ബസിന്റെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം റോഡിലേക്ക് ഒഴുകിയിരുന്നു. ബസ് തലകീഴായി മറിഞ്ഞതിനാൽ അകത്ത് കുടുങ്ങിയ യാത്രക്കാരെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. യാത്രക്കാരെല്ലാം സീറ്റിലിരുന്ന സമയത്താണ് അപകടമുണ്ടായതെന്നും ബസ് അതിവേഗത്തിലായിരുന്നുവെന്നുമാണ് രക്ഷപ്പെട്ടവർ പൊലീസിനോട് മൊഴി നൽകിയിരിക്കുന്നത്.
അപകടത്തിൽ പെരുവയൽ സ്വദേശി വിഷ്ണു മരണപ്പെട്ടു. മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അമിതവേഗമാണോ അപകടത്തിന് കാരണമായത്, അതോ ടയർ തകരാറിനെ തുടർന്നാണോ നിയന്ത്രണം നഷ്ടമായതെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ മോട്ടോർ വാഹന വകുപ്പും പൊലീസും വിശദമായി പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങൾ, ബസിന്റെ സാങ്കേതിക പരിശോധനാ റിപ്പോർട്ട് എന്നിവയും അന്വേഷണത്തിന്റെ ഭാഗമാക്കും.
തുടർച്ചയായി അപകടങ്ങൾ നടക്കുന്ന മേഖലയാണ് കുറ്റിപ്പുറത്തെ ഈ ഭാഗമെന്ന് ചൂണ്ടിക്കാട്ടുന്ന നാട്ടുകാർ, സ്ഥിരമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വളവും ഇറക്കവും കൂടിയ ഈ മേഖലയിലെ അപകടസാധ്യത കുറയ്ക്കാൻ വേഗനിയന്ത്രണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള നടപടികൾ അടിയന്തരമായി നടപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Summary: Police and the Motor Vehicles Department have launched an investigation into the fatal bus accident at Kuttippuram in Malappuram. Authorities are examining whether overspeeding or a tyre failure caused the bus to crash into two dividers and overturn.


