ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഡൽഹിയിലെ ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (NEET paper leak CJP protest) നേതൃത്വത്തിൽ നടന്നുവന്ന ഒരു മാസം നീണ്ട പ്രതിഷേധ സമരം കേന്ദ്രസർക്കാരുമായി ധാരണയായതിനെ തുടർന്ന് അവസാനിപ്പിച്ചു. സിജെപി മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് സമരം പിൻവലിച്ചത്.
കേന്ദ്രമന്ത്രിമാരായ ജെ.പി. നഡ്ഡയും ജിതേന്ദ്ര സിങ്ങും സിജെപി പ്രതിനിധികളായ സൗരവ് ദാസും അശുതോഷ് രങ്കയും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഒത്തുതീർപ്പിലെത്തിയത്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സിജെപി പ്രവർത്തകർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്നും, ഭാവിയിൽ ഇതുമായി ബന്ധപ്പെട്ട് നിയമനടപടികൾ സ്വീകരിക്കില്ലെന്നും കേന്ദ്രം ഉറപ്പുനൽകിയതായി സിജെപി അറിയിച്ചു. കൂടാതെ, ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നിലവിലെ ചട്ടങ്ങൾ പരിശോധിച്ച് പരമാവധി ധനസഹായം നൽകുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷാ സംവിധാനങ്ങളിൽ ആവശ്യമായ പരിഷ്കാരങ്ങൾ സംബന്ധിച്ച് ഒരു മാസത്തിനകം ഔദ്യോഗികതലത്തിൽ ചർച്ചകൾ ആരംഭിക്കുമെന്നും, ഇക്കാര്യങ്ങളിലെ ഉറപ്പുകൾ ചൊവ്വാഴ്ചയ്ക്കകം രേഖാമൂലം കൈമാറുമെന്നും കേന്ദ്രസർക്കാർ പ്രതിനിധികൾ അറിയിച്ചതായും സിജെപി നേതൃത്വം വ്യക്തമാക്കി.
കേന്ദ്രത്തിന്റെ ഉറപ്പുകൾ അംഗീകരിച്ച സാഹചര്യത്തിൽ ജന്തർമന്തറിൽ സമരം നടത്തിയിരുന്ന പ്രവർത്തകരോട് പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞുപോകാൻ സിജെപി നേതൃത്വം നിർദേശിച്ചു. അതേസമയം, പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഇതോടെയാണ് രാജ്യശ്രദ്ധ നേടിയ യുവജന പ്രതിഷേധത്തിന് സമാപനമായത്.
Story Summary:
The month-long CJP protest at Jantar Mantar over the NEET paper leak has ended after the Central Government accepted key demands. The Centre also assured withdrawal of cases against protesters and promised discussions on examination reforms.


