പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ വമ്പൻ മുന്നേറ്റവുമായി കേരളം (Siechem Trophy). തകർപ്പൻ പോരാട്ടത്തിൽ ഹിമാചൽപ്രദേശിനെ 14 റൺസിന് കീഴടക്കി കേരളം തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശിന്റെ ഇന്നിങ്സ് 20 ഓവറിൽ 123 റൺസിന് അവസാനിച്ചു.
ഓൾറൗണ്ട് പ്രകടനത്തോടെ ടീമിനെ മുന്നിൽ നിന്ന് നയിക്കുകയും തുടർച്ചയായ മൂന്നാം മത്സരത്തിലും ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരം സ്വന്തമാക്കുകയും ചെയ്ത ക്യാപ്റ്റൻ ആശ ശോഭനയാണ് കേരളത്തിന്റെ വിജയശിൽപ്പി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർ ടി. ഷാനിയെ തുടക്കത്തിലേ നഷ്ടമായെങ്കിലും, നജ്‌ല സി.എം.സി.യുടെയും (46) കിരൺ നവ്‌ഗിരെയുടെയും (20) ഇന്നിങ്സുകൾ അടിത്തറ പാകി. തുടർന്ന് ക്യാപ്റ്റൻ ആശ ശോഭന 19 റൺസും സജന സജീവൻ 17 റൺസും നേടി സ്കോർ 137-ൽ എത്തിച്ചു. ഹിമാചലിനായി ജ്യോതി ഥാക്കൂർ, നീന ചൗധരി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
138 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശിന് കേരളത്തിന്റെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ അടിപതറി. 23 റൺസെടുത്ത ക്യാപ്റ്റൻ ശിവാനി സിങ്ങിനും 21 റൺസെടുത്ത മോണിക്ക ദേവിക്കും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. നാല് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ ആശ ശോഭനയുടെ ബൗളിങ് മികവാണ് ഹിമാചലിന്റെ വീഴ്ച വേഗത്തിലാക്കിയത്. നിയ നസ്നീൻ, സജന സജീവൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പിന്തുണ നൽകി.
Story Summary:
Kerala Senior Women’s cricket team secured their third consecutive victory in the Siechem Trophy by beating Himachal Pradesh by 14 runs in Pondicherry. Captain Asha Sobhana delivered a stellar all-round performance, taking 4 wickets and scoring 19 runs, to earn her third consecutive Player of the Match award. Najla C.M.C. top-scored for Kerala with a crucial 46 runs.


