തിരുവനന്തപുരം : അഴിമതിക്കും വിദ്യാഭ്യാസ മേഖലയിലെ തെറ്റായ നയങ്ങൾക്കുമെതിരെ പോരാടിയ രാജ്യത്തെ യുവത രചിച്ച ഐതിഹാസിക വിജയമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan Dharmendra Pradhan resignation). വിദ്യാർത്ഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാരിന്റെ ധാർഷ്ട്യം ഒടുവിൽ മുട്ടുകുത്തുകയായിരുന്നുവെന്നും, മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ സമരവിജയമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ചോദ്യപേപ്പർ ചോർച്ചയും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ആശങ്കകളും കണ്ടില്ലെന്ന് നടിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ച ബി.ജെ.പി ഭരണകൂടത്തിന് ജനാധിപത്യത്തിന്റെ കരുത്ത് ബോധ്യപ്പെട്ട ദിവസങ്ങളാണിത്. എന്നാൽ ഒരു മന്ത്രിയുടെ രാജി കൊണ്ടുമാത്രം വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി അവസാനിക്കുന്നില്ല. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ) വിശ്വാസ്യത പൂർണ്ണമായും ത തകർന്നിരിക്കുകയാണ്. ഫെഡറൽ തത്വങ്ങൾ കാറ്റിൽപ്പറത്തി സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറിയാണ് നീറ്റ് അടക്കമുള്ള പരീക്ഷകൾ കേന്ദ്രം അടിച്ചേൽപ്പിച്ചതെന്നും, ഇതിന് പിന്നിൽ വിദ്യാഭ്യാസ രംഗത്തെ കച്ചവടവൽക്കരിക്കാനും കാവിവൽക്കരിക്കാനുമുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതിക്ക് വഴിയൊരുക്കുന്ന എൻ.ടി.എയെ ചുമതലയിൽ നിന്ന് മാറ്റുകയോ അടിമുടി ഉടച്ചുവാർക്കുകയോ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളെ കൂടി വിശ്വാസത്തിലെടുത്ത് പരീക്ഷാ നടത്തിപ്പിനായി പുതിയ സ്റ്റാറ്റ്യൂട്ടറി സംവിധാനം ഏർപ്പെടുത്തണം. അവകാശങ്ങൾക്കായി വിട്ടുവീഴ്ചയില്ലാതെ പോരാടിയ വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച അദ്ദേഹം, കേന്ദ്രീകൃത അഴിമതി സംവിധാനത്തെ വേരോടെ പിഴുതെറിയും വരെ പ്രക്ഷോഭത്തിന് പിന്തുണയേകി ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ആഹ്വാനം ചെയ്തു.
Story Summary:
Leader of the Opposition Pinarayi Vijayan termed the resignation of Union Education Minister Dharmendra Pradhan a historic victory for student power over the Central government’s authoritarianism. In a Facebook post, he demanded a overhaul or replacement of the National Testing Agency (NTA) and called for a statutory examination system involving state governments to ensure transparency and federal principles.


