തൃശൂർ: സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വീട്ടിലെത്തി വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന യുവതിയെ നാട്ടുകാർ പിടികൂടി. കുന്നംകുളം ചൂണ്ടൽ മേലെങ്കാവ് ചാണശ്ശേരി വീട്ടിൽ താമസിക്കുന്ന തങ്കമണി (80)യുടെ മൂന്നര പവൻ സ്വർണമാലയാണ് കവർച്ചയ്ക്ക് ഇരയായത്. പിടിവലിയെ തുടർന്ന് മാലയുടെ ഒരു ഭാഗം മാത്രമാണ് പ്രതിക്ക് കൈക്കലാക്കാനായത്. (Thrissur Fake Census Official Robbery)
വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. സെൻസസ് വിവരശേഖരണത്തിനായാണ് എത്തിയതെന്ന് പറഞ്ഞ് യുവതി വീട്ടിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട ശേഷം കുടിക്കാൻ വെള്ളവും ചോദിച്ചു.
വെള്ളമെടുക്കാൻ അടുക്കളയിലേക്ക് പോയ തങ്കമണിയെ പിന്തുടർന്ന യുവതി, വയോധികയുടെ തല ചുമരിൽ ഇടിപ്പിച്ച് ആക്രമിച്ചശേഷം കഴുത്തിലുണ്ടായിരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മകനും മരുമകളും ജോലിക്ക് പോയിരിക്കുകയായിരുന്നു.
എന്നാൽ മാല പൊട്ടിക്കുന്നതിനിടെ ഉണ്ടായ പിടിവലിയിൽ മാലയുടെ പകുതി മാത്രമാണ് യുവതിയുടെ കൈയിൽ കിട്ടിയത്. ആക്രമണത്തിൽ പരിക്കേറ്റ തങ്കമണി ബഹളംവെച്ചതോടെ സമീപവാസികളും ബന്ധുക്കളും ഓടിയെത്തി പ്രതിയെ പിടികൂടി.
പരിക്കേറ്റ വയോധികയെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
Summary: An elderly woman was assaulted and robbed by a woman posing as a census official in Thrissur. The suspect was overpowered by local residents while trying to flee with part of the stolen gold chain.


