മോസ്‌കോ: റഷ്യയിലെ മുൻനിര ഓൺലൈൻ റീട്ടെയിലറായ ‘വൈൽഡ്ബെറീസിന്‍റെ’ വെയർഹൗസിന് നേരെ യുക്രൈൻ നടത്തിയ രാത്രികാല ഡ്രോൺ ആക്രമണത്തെ തുടർന്ന് പ്രവർത്തനങ്ങൾ നിർത്തിവച്ചു (Ukrainian Drone Attacks Shut Wildberries Warehouse). റഷ്യൻ ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന കേന്ദ്രമായ വൈൽഡ്ബെറീസിന് മേൽ യുക്രൈൻ നടത്തുന്ന ആക്രമണങ്ങളുടെ വ്യാപ്തി വർദ്ധിച്ചുവരുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. വാരാന്ത്യം മുതൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള നാല് വെയർഹൗസുകളാണ് യുക്രൈൻ ഇത്തരത്തിൽ ലക്ഷ്യമിട്ടത്. റഷ്യൻ സൈന്യത്തെ സഹായിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണ് ഈ സ്ഥാപനങ്ങൾ എന്നാണ് കീവിന്റെ വാദം. എന്നാൽ വൈൽഡ്ബെറീസ് മിലിട്ടറി സപ്ലൈസ് കൈകാര്യം ചെയ്യുന്നില്ലെന്ന് ക്രെംലിൻ വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യൻ ദിനപത്രമായ കൊമ്മെർസാൻ്റിന്റെ കണക്കുകൾ പ്രകാരം, സമീപകാല ആക്രമണങ്ങളിൽ വൈൽഡ്ബെറീസിന്റെ ലോജിസ്റ്റിക്സ് ശേഷിയുടെ ഏകദേശം 10 ശതമാനത്തോളം, അതായത് 5,52,000 ചതുരശ്ര മീറ്റർ വെയർഹൗസ് സ്ഥലം തകർന്നിട്ടുണ്ട്. റഷ്യൻ ജിഡിപിയുടെ 8.5 ശതമാനത്തോളം വരുമാനമുള്ളതും, 4 ദശലക്ഷത്തോളം ആളുകൾക്ക് തൊഴിൽ നൽകുന്നതുമാണ് വൈൽഡ്ബെറീസും അതിന്റെ എതിരാളിയായ ഒസോണും പോലുള്ള പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ. റഷ്യയുടെ യുദ്ധകേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിൽ ഉപഭോക്തൃ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച നിർണായകമാണെന്നിരിക്കെ, ഈ ആക്രമണങ്ങൾ വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
വ്യാഴാഴ്ച പുലർച്ചെ റഷ്യയിലെ വൊറോനെജ് മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഓൺലൈൻ മാർക്കറ്റ്‌പ്ലേസിന്റെ വെയർഹൗസിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും മൂന്ന് വയസ്സുള്ള ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. തുടക്കത്തിൽ വെയർഹൗസിന്റെ പ്രവർത്തനം ഏതാനും മണിക്കൂറുകൾ നിർത്തിവെയ്ക്കാനാണ് തീരുമാനിച്ചതെങ്കിലും, പിന്നീട് അനിശ്ചിതകാലത്തേക്ക് അടച്ചിടുന്നതായി കമ്പനിയുടെ വൊറോനെജ് ടീം ടെലിഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. അതേസമയം, വെയർഹൗസിന്റെ പ്രവർത്തനങ്ങൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് കമ്പനി പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ സിവിലിയൻ-വാണിജ്യ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ആക്രമണങ്ങൾ ശക്തമാകുന്നത് മേഖലയിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Summary: Leading Russian online retailer Wildberries has halted operations at another warehouse following an overnight Ukrainian drone attack in Voronezh, marking a broader campaign against a cornerstone of Russia’s consumer economy that has already damaged significant logistics capacity.


