ജോധ്പൂർ: പരസ്പര സമ്മതത്തോടെ വിവാഹം കഴിക്കാനുള്ള മുതിർന്ന വ്യക്തികളുടെ അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി രാജസ്ഥാൻ ഹൈക്കോടതി. ഉത്തരവിന് പിന്നാലെ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ ജോധ്പൂരിലെ മാൻഡോർ ഓപ്പൺ ജയിലിൽ വെച്ച് വിവാഹിതരായി. ജയിൽ അധികൃതരുടെയും പോലീസിന്റെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ പരസ്പരം മാലച്ചാർത്തി ഏഴുപ്രദക്ഷിണം വെച്ചായിരുന്നു ചടങ്ങുകൾ.(Two Life Convicts Married Inside Jodhpur Open Jail)
നഗൗർ സ്വദേശിയായ മൂലാറാം ഭാട്ടി (33), മുംബൈ സ്വദേശി സീമ ഘാഡ്സെ (31) എന്നിവരാണ് ജയിൽ വളപ്പിൽ വെച്ച് വിവാഹിതരായത്. ശിക്ഷ അനുഭവിച്ചു വരുന്നു എന്നതുകൊണ്ട് മാത്രം ഒരാളുടെ വിവാഹം കഴിക്കാനുള്ള അവകാശം തടയാനാകില്ലെന്ന് ജസ്റ്റിസ് പി.എസ്. ഭാട്ടി, ജസ്റ്റിസ് പ്രവീർ ഭട്നാഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. തടവുകാരുടെ പുനരധിവാസത്തിനും അവരെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും കുറ്റകൃത്യ നിവാരണ രംഗത്തെ പരിഷ്കരണങ്ങൾക്കും ഇത്തരം തീരുമാനങ്ങൾ സഹായകരമാകുമെന്നും ഭരണഘടനയുടെ അനുച്ഛേദം 21 അനുസരിച്ചുള്ള മൗലികാവകാശമാണിതെന്നും കോടതി വ്യക്തമാക്കി.
അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ 2017 മുതൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ് മൂലാറാം. സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയ കേസിനാണ് സീമ ശിക്ഷ അനുഭവിക്കുന്നത്. ജയിലിലെ നല്ല നടപ്പ് മുൻനിർത്തി ഇരുവരെയും മാൻഡോർ ഓപ്പൺ എയർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. അവിടെ കാർഷിക ജോലികൾക്കിടെ ഉടലെടുത്ത സൗഹൃദമാണ് പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും നയിച്ചത്. കോടതി അനുമതിയോടെ നടന്ന ചടങ്ങിൽ ബന്ധുക്കളും ജയിൽ ജീവനക്കാരും അടക്കം 21 പേർ പങ്കെടുത്തു.
Story Summary
Two life convicts, Moolaram Bhati and Seema Ghadse, tied the knot inside the Mandore Open Jail in Jodhpur after the Rajasthan High Court ruled that the right to marry is an integral part of the fundamental right to life under Article 21. The court stated that such marriages support the rehabilitation and reintegration of prisoners into society.


