തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നും തുടരും. നിലവിലെ സാഹചര്യത്തിൽ മറ്റ് പോംവഴികളില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും അരമണിക്കൂറിലധികം സമയമാണ് വൈദ്യുതി മുടങ്ങിയത്.(Kerala Power Crisis Continues As KSEB Imposes Power Cuts)
വരും ദിവസങ്ങളിലും ഈ സ്ഥിതി തുടർന്നേക്കും. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിൽ 400 മുതൽ 500 മെഗാവാട്ട് വരെയാണ് വർധനവുണ്ടായിരിക്കുന്നത്. ആഭ്യന്തര ഉൽപ്പാദനത്തിലെ ഇടിവും കടുത്ത വേനൽ മൂലമുള്ള അമിത ഉപയോഗവുമാണ് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കിയത്.
ഇതിനൊപ്പം നേരത്തെ കടം വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ടി വന്നതും തിരിച്ചടിയായി. പീക്ക് അവറുകളിൽ ആവശ്യത്തിന് വൈദ്യുതി പവർ എക്സ്ചേഞ്ച് വഴി ലഭ്യമാകാത്തതാണ് പെട്ടെന്നുള്ള നിയന്ത്രണത്തിന് കാരണമായത്. മുൻകൂട്ടി അറിയിക്കാതെ പല സമയങ്ങളിലായി വൈദ്യുതി മുടങ്ങുന്നതിനെതിരെ ഉപഭോക്താക്കൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് സർക്കാരും കെഎസ്ഇബിയും വ്യക്തമാക്കി.
Story Summary
Kerala continues to face an acute power crisis as KSEB extends electricity regulations across the state due to a surge in demand by 400 to 500 MW. Low domestic production, pending power returns, and non-availability of electricity on the power exchange during peak hours have forced unscheduled power cuts.


