തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച അന്വേഷണം എങ്ങുമെത്താതെ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ സംഘത്തിന് മേൽ കനത്ത സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.(SIT investigation has gone astray, all the accused are going to escape, VD Satheesan on Sabarimala gold theft case)
ജയിലിലായ മൂന്ന് സി.പി.ഐ.എം നേതാക്കളെ പുറത്തുകൊണ്ടുവരികയാണ് സർക്കാരിന്റെ ലക്ഷ്യം. പ്രധാനികളായ ആളുകളിലേക്ക് അന്വേഷണം എത്താതിരിക്കാൻ എസ്.ഐ.ടിയെ വഴിതെറ്റിക്കുന്നു. ബി.ജെ.പി നേതൃത്വത്തെ പ്രീണിപ്പിക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ വീട്ടിലേക്ക് ബി.ജെ.പി മാർച്ച് നടത്തിയത് ഇതിന്റെ ഭാഗമാണ്. സോണിയ ഗാന്ധിയെയും പ്രിയങ്കയെയും അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ്.
എ.കെ.ജി സെന്ററിലിരുന്നും മന്ത്രിമാരുടെ വസതികൾ കേന്ദ്രീകരിച്ചും പ്രതിപക്ഷ നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുകയാണ്. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസ് നേതൃത്വം നൽകുന്നു. മന്ത്രി വി.എൻ. വാസവൻ രാജി വെക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
നിയമസഭയിൽ സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞ ചരിത്രമുള്ളവർ കൂടെയിരിക്കുമ്പോഴാണ് പ്രതിപക്ഷത്തെ ജനാധിപത്യം പഠിപ്പിക്കാൻ വരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സ്വർണ്ണക്കവർച്ചയ്ക്ക് പിന്നിലെ ഉന്നതന്മാരെ പിടികൂടും വരെ യു.ഡി.എഫ് ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.



