ദശലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതകൾ തീർത്തതിന് തൊട്ടുപിന്നാലെ, വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന ഗ്വാങ്സിയിലെ ജനങ്ങൾക്കായി അഞ്ച് ദശലക്ഷം യുവാൻ (735,000 യുഎസ് ഡോളർ) സംഭാവന ചെയ്ത് മാതൃകയായിരിക്കുകയാണ് മോട്ടോർസൈക്കിൾ നിർമ്മാണ കമ്പനിയായ ZXMOTO-യുടെ സ്ഥാപകൻ സാങ് ഷൂ (Chinese Entrepreneur Donation). ദക്ഷിണ ചൈനയിലെ ഗ്വാങ്സിയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 39 പേർ മരണപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സാങ് സഹായവുമായി മുന്നോട്ട് വന്നത്.
സഹായഹസ്തവുമായി സാങ്
സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയ കമ്പനിയാണെങ്കിലും, താൻ നൽകിയ പണം കമ്പനിയുടെ ഭാവിക്ക് നിർണ്ണായകമല്ലെങ്കിലും ദുരന്തബാധിതർക്ക് അത് വലിയ ആശ്വാസം നൽകുമെന്ന് സാങ് പറഞ്ഞു. പണത്തിന് പുറമെ 30 ടണ്ണിലധികം അവശ്യസാധനങ്ങളും അദ്ദേഹം ദുരിതബാധിതർക്ക് നൽകി. റോഡുകളില്ലാത്ത ഉൾപ്രദേശങ്ങളിൽ സാധനങ്ങൾ എത്തിക്കുന്നതിനായി സ്വന്തം കമ്പനിയിലെ അഞ്ച് മോട്ടോർസൈക്കിളുകളും ഒരു പ്രത്യേക സംഘത്തെയും അദ്ദേഹം നിയോഗിച്ചു.
കഠിനാധ്വാനത്തിന്റെ കഥ
കഠിനമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വളർന്നുവന്ന സാങ് ഷൂ, 14-ാം വയസ്സിൽ പഠനം നിർത്തി മോട്ടോർസൈക്കിൾ റിപ്പയർ ഷോപ്പിൽ ജോലിക്ക് ചേർന്നിരുന്നു. പിന്നീട് 2013-ൽ ഭാര്യയോടൊപ്പം വെറും 20,000 യുവാൻ മാത്രം കൈമുതലാക്കി ചൈനയിലെ മോട്ടോർസൈക്കിൾ തലസ്ഥാനമായ ചോങ്കിംഗിലെത്തിയ അദ്ദേഹം, കഠിനാധ്വാനത്തിലൂടെയാണ് 2024-ൽ ZXMOTO എന്ന കമ്പനി പടുത്തുയർത്തിയത്. അടുത്തിടെ നടന്ന സൂപ്പർബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിൽ ZXMOTO മോട്ടോർസൈക്കിൾ ചരിത്രവിജയം കുറിച്ചത് അദ്ദേഹത്തിന് ആഗോളതലത്തിൽ പ്രശസ്തി നേടിക്കൊടുത്തു. നേരത്തെയും പല ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുള്ള സാങ്, സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു വ്യവസായി എന്ന നിലയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്.
Summary: Chinese motorcycle tycoon Zhang Xue, founder of ZXMOTO, has donated US$735,000 and 30 tons of supplies to flood-stricken Guangxi immediately after clearing a US$15 million corporate debt. His efforts, including sending a motorcycle rescue team to reach remote areas, have received widespread praise for their practical approach and personal dedication to disaster relief.


