തൃശൂർ: പീച്ചി മയിലാട്ടുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. തോട്ടുങ്കര പുത്തൻപുരയിൽ ഷാജി-സാലി ദമ്പതികളുടെ മകൻ ഷിജോ (36) ആണ് മരിച്ചത്. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ് ഷിജോ.(Wild elephant attack in Thrissur, man was killed)
ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെയാണ് ആടുകളെ മേയ്ക്കുന്നതിനായി ഷിജോ മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയത്. സന്ധ്യ കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് ആശങ്കയിലായ നാട്ടുകാർ കാടിനുള്ളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണമേറ്റ നിലയിലായിരുന്നു മൃതദേഹം. ഷിജോയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി മൃതദേഹം കാടിന് പുറത്തെത്തിച്ചു. നാട്ടുകാർ പ്രതിഷേധിച്ചു. വനംവകുപ്പിന്റെ വാഹനം നാട്ടുകാർ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് കാരണമായി.

