ചെന്നൈ: തമിഴ്‌നാട്ടിലെ ആഭ്യന്തര നിർമ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട്, അയൽ സംസ്ഥാനങ്ങളിലേക്കുള്ള നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി നിയന്ത്രിക്കാൻ ജിയോളജി ആൻഡ് മൈനിംഗ് ഡയറക്ടർക്ക് അധികാരം നൽകി തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. എം-സാൻഡ്, മെറ്റൽ ജെല്ലി, കരിങ്കല്ല് തുടങ്ങിയ പ്രകൃതിവിഭവങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തുന്നതിനാണ് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്താൻ അനുമതി നൽകിയത്.(Tamil Nadu government empowers officials to restrict transport of construction materials to neighbouring states)
തമിഴ്‌നാട് പ്രിവൻഷൻ ഓഫ് ഇല്ലീഗൽ മൈനിംഗ്, ട്രാൻസ്‌പോർട്ടേഷൻ ആൻഡ് സ്റ്റോറേജ് ഓഫ് മിനറൽസ് നിയമത്തിൽ ഭേദഗതി വരുത്തി ജൂലൈ 8-നാണ് സർക്കാർ അസാധാരണ ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആഭ്യന്തര വിപണിയിലെ ക്ഷാമം പരിഹരിക്കപ്പെടുന്ന മുറയ്ക്ക് ഈ താൽക്കാലിക വിലക്ക് പിൻവലിക്കുമെന്നും, മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള സാധനസാമഗ്രികളുടെ നീക്കത്തിന് സ്ഥിരമായ നിരോധനം ഏർപ്പെടുത്താനാകില്ലെന്നും വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുതിയ ഭേദഗതി പ്രകാരം തമിഴ്‌നാടിന്റെ അതിർത്തി കടന്ന് പോകുന്ന കരിങ്കല്ല്, മെറ്റൽ, ബോൾഡറുകൾ, എം-സാൻഡ്, ജല്ലി എന്നിവയുടെ അളവ് നിയന്ത്രിക്കാൻ ഡയറക്ടർക്ക് പൂർണ്ണ അധികാരമുണ്ടാകും.
തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി, തേനി, കോയമ്പത്തൂർ തുടങ്ങിയ അതിർത്തി ജില്ലകളിൽ നിന്നുള്ള നിർമ്മാണ സാമഗ്രികൾ വൻതോതിൽ കേരളത്തിലേക്കാണ് പ്രധാനമായും കയറ്റി അയക്കുന്നത്. കൃഷ്ണഗിരിയിൽ നിന്നുള്ള സാമഗ്രികൾ കർണ്ണാടകയിലെ ബെംഗളൂരുവിലേക്കും പോകുന്നുണ്ട്. സംസ്ഥാനത്ത് നിർമ്മാണ സാമഗ്രികൾക്ക് ക്ഷാമം നേരിടുകയും വില 30 ശതമാനത്തോളം വർദ്ധിക്കുകയും ചെയ്തതോടെയാണ് കയറ്റുമതി നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ബിൽഡർമാരും നിർമ്മാണ മേഖലയിലെ സംഘടനകളും സർക്കാരിനെ സമീപിച്ചത്. നേരത്തെ നിയമവിരുദ്ധമായ ഖനനവും കടത്തും തടയാൻ മാത്രമേ വകുപ്പിന് അധികാരമുണ്ടായിരുന്നുള്ളൂ എങ്കിൽ, പുതിയ ഭേദഗതിയോടെ നിയമപരമായ കയറ്റുമതിയുടെ അളവ് നിരീക്ഷിക്കാനും ആഭ്യന്തര ക്ഷാമം ഉണ്ടാകുമ്പോൾ അത് തടയാനും സാധിക്കും. ഇതിനായി അതിർത്തി ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധന ഏർപ്പെടുത്തും.
Story Summary
The Tamil Nadu government has amended mining rules to empower the Director of Geology and Mining to temporarily restrict the transport of construction materials like M-sand and rough stone to neighbouring states like Kerala and Karnataka to prevent domestic scarcity. The decision follows long-standing demands from the local construction industry to stabilise supply and check soaring prices.

