കരൂർ: 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ശേഷം ആദ്യമായി പ്രദേശത്ത് തിരിച്ചെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ ജോസഫ് വിജയ്, അന്നത്തെ പോലീസിനും ഡിഎംകെയ്ക്കുമെതിരെ കടുത്ത വിമർശനവുമായി രംഗത്ത്. 2025 സെപ്റ്റംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിജയ് പ്രസംഗിക്കേണ്ടിയിരുന്ന റാലിയിലാണ് വൻ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചത്. സംഭവദിവസം പോലീസ് തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പോലീസിനെ പൂർണ്ണമായി വിശ്വസിച്ചതാണ് തനിക്ക് പറ്റിയ പിഴവെന്നും വിജയ് തുറന്നടിച്ചു.(Tamil Nadu Chief Minister Joseph Vijay Slams DMK And Police Over Karur Stampede Tragedy)
തന്റെ ജീവിതത്തെ ഇന്നും വേട്ടയാടുന്ന ഏറ്റവും വേദനാജനകമായ നിമിഷമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവിതത്തിൽ എത്ര വലിയ വിജയം നേടിയാലും ഇത്തരം ചില സംഭവങ്ങൾ നമ്മെ തളർത്തും. ഞാൻ കരൂരിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ പോലീസിന് എന്നെ തടയാമായിരുന്നു. പരിപാടി റദ്ദാക്കാൻ അവർക്ക് എല്ലാ അവകാശവുമുണ്ടായിരുന്നു. എന്നാൽ അവർ അതിന് തയ്യാറായില്ല, പകരം എന്നെ വേദിക്കടുത്തേക്ക് നയിക്കുകയാണ് ചെയ്തത്. ഇതിന് പിന്നിൽ യഥാർത്ഥത്തിൽ ആരാണ്? ആരാണ് ഇത് ആസൂത്രണം ചെയ്തത്, ദുരന്തസമയത്ത് തമിഴ്‌നാട് ഭരിച്ചിരുന്ന ഡിഎംകെയെ ലക്ഷ്യമിട്ട് വിജയ് ചോദിച്ചു.
ദുരന്തത്തിന് ശേഷം താൻ പുലർത്തിയ മൗനത്തെ പരിഹസിച്ചവർക്കുള്ള മറുപടിയും അദ്ദേഹം നൽകി. നിരപരാധികളായ കുട്ടികളുടെ ജീവൻ നഷ്ടപ്പെട്ട വേദനയിൽ ഞാൻ തകർന്ന് വീട്ടിലിരുന്നപ്പോൾ ഞാൻ ഒളിച്ചോടിയെന്നാണ് അവർ പരിഹസിച്ചത്. എന്നാൽ അവിടെ ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിരുന്നോ? അവർ ലജ്ജയില്ലാതെ കുറ്റം എന്റെ മേൽ ചുമത്തി, എം.കെ. സ്റ്റാലിൻ നിയമസഭയിൽ രാഷ്ട്രീയം കളിച്ചു, വിജയ് ആരോപിച്ചു. തന്റെ പാർട്ടിയുടെ വിജയക്കുതിപ്പ് തടയാൻ രാഷ്ട്രീയ എതിരാളികളും പോലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഈ ദുരന്തമെന്ന് അദ്ദേഹം ആവർത്തിച്ചു.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ഡിഎംകെ സുപ്രീം കോടതിയെയും മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ജോലി നൽകുന്നത് വഴി കേട്ടുകേൾവിയില്ലാത്ത വിധം സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു ഡിഎംകെയുടെ വാദം. എന്നാൽ സുപ്രീം കോടതി ഡിഎംകെയുടെ ഹർജി തള്ളുകയും “മുഖ്യമന്ത്രി വിജയ് ഈ കേസിൽ പ്രതിയല്ലെന്നും കോടതിക്ക് മുഖ്യമന്ത്രിയുടെ നയങ്ങളിൽ ഇടപെടാനാകില്ലെന്നും” വ്യക്തമാക്കി. ഇതിന് പിന്നാലെ വെള്ളിയാഴ്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചും ജോലി നൽകാനുള്ള തമിഴ്‌നാട് സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ വിസമ്മതിക്കുകയും ഇരകളുടെ കുടുംബങ്ങൾക്ക് നിയമന ഉത്തരവ് കൈമാറാൻ അനുമതി നൽകുകയും ചെയ്തു.
Story Summary
Tamil Nadu Chief Minister Joseph Vijay strongly criticized the police and the opposition DMK during his first visit to Karur since the tragic September 2025 stampede that killed 41 people. Vijay accused the then-ruling DMK and police of conspiring to derail his campaign and shifting the blame onto him, while also defending his post-tragedy silence. Meanwhile, the Madras High Court cleared the path for his government to issue jobs to the victims’ families, dismissing DMK’s legal challenges.

