ന്യൂയോർക്ക്: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ അർജന്റീനയ്ക്കെതിരെ ഈജിപ്ത് നേരിട്ട തോൽവി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. മത്സരത്തിൽ റഫറി അർജന്റീനയ്ക്ക് അനുകൂലമായി പക്ഷപാതം കാണിച്ചെന്നും, ഈജിപ്തിനെ ‘കൊള്ളയടിച്ചതാണ്’ എന്നുമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്ന ആരോപണം. ഈ വാദത്തിന് പിന്തുണയുമായി ന്യൂയോർക്ക് സിറ്റി മേയർ സോറൻ മംദാനിയും രംഗത്തെത്തിയത് ലോകഫുട്ബോൾ രംഗത്ത് വലിയ ചർച്ചയായിട്ടുണ്ട്. ( Zohran Mamdani on Egypt Argentina controversy)
ന്യൂയോർക്കിലെ ബസ് സർവീസുകൾ മെച്ചപ്പെടുത്തുന്നതിനായുള്ള ‘നെക്സ്റ്റ് സ്റ്റോപ്പ്: ബെറ്റർ ബസസ്, ഫാസ്റ്റർ സർവീസ്’ എന്ന പദ്ധതിയുടെ പ്രഖ്യാപന വേളയിലാണ് മേയർ ഈ പരാമർശം നടത്തിയത്. പൊതുജനങ്ങൾക്കുള്ള പ്രസംഗത്തിനിടെ, അർജന്റീന-ഈജിപ്ത് മത്സരത്തിലെ വിവാദ തീരുമാനങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. കളിക്കളത്തിലെ മികവുകൊണ്ടല്ല, മറിച്ച് റഫറിയുടെ കടുത്ത പക്ഷപാതം മൂലമാണ് ആഫ്രിക്കൻ ടീമായ ഈജിപ്ത് പരാജയപ്പെട്ടതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു മേയർ എന്ന നിലയിൽ ഔദ്യോഗിക പരിപാടിക്കിടയിൽ ഫുട്ബോൾ വിവാദത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചത് സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്.
മത്സരത്തിന്റെ 78-ാം മിനിറ്റ് വരെ 2-0 എന്ന നിലയിൽ ഈജിപ്ത് ലീഡ് ചെയ്തിരുന്നെങ്കിലും, പിന്നീട് അർജന്റീന അവിശ്വസനീയമായി തിരിച്ചുവരുകയും 3-2ന് വിജയിക്കുകയുമായിരുന്നു. എന്നാൽ ഈ വിജയത്തിലേക്ക് നയിച്ച ചില തീരുമാനങ്ങൾ ഏറെ ദുരൂഹമാണെന്ന് ആരാധകർ കരുതുന്നു. പ്രത്യേകിച്ച്, രണ്ടാം പകുതിയിൽ ഈജിപ്ത് നേടിയ ഒരു ഗോൾ വിഎആർ (VAR) പരിശോധനയിലൂടെ റദ്ദാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായി. പത്ത് സെക്കൻഡ് മുൻപ് നടന്ന ഒരു ഫൗളിന്റെ പേരിലാണ് ഈ ഗോൾ നിഷേധിച്ചത്. 3-0 എന്ന നിലയിൽ ഈജിപ്ത് മുന്നിലെത്തിയിരുന്നെങ്കിൽ അർജന്റീനയുടെ തിരിച്ചുവരവ് അസാധ്യമാകുമായിരുന്നുവെന്നാണ് ഈജിപ്ഷ്യൻ താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ വാദം.
🚨🇦🇷 NEW: NYC Mayor Zohran Mamdani says that Egypt were “robbed” in yesterday’s World Cup game against Argentina pic.twitter.com/bigWXCN04q
— Politics Global (@PolitlcsGlobal) July 8, 2026
മത്സരത്തിന് പിന്നാലെ, ഈ ലോകകപ്പ് അർജന്റീനയ്ക്ക് വേണ്ടി ‘ഒപ്പിച്ചെടുത്തതാണെന്ന്’ ഈജിപ്ഷ്യൻ താരങ്ങൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ന്യൂയോർക്ക് മേയർ കൂടി അർജന്റീനയ്ക്കെതിരായ ആരോപണങ്ങൾ ഏറ്റുപിടിച്ചിരിക്കുന്നത്. അർജന്റീനയെ ഫിഫ സഹായിക്കുന്നുണ്ടെന്ന ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് കാരണമായിട്ടുണ്ട്. എന്തായാലും റഫറിയുടെ വിവാദ തീരുമാനങ്ങൾ ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ കറുത്ത ഏടുകളിലൊന്നായി മാറിയിരിക്കുകയാണ്.
Summary: New York City Mayor Zohran Mamdani has fueled the ongoing controversy surrounding the 2026 FIFA World Cup quarter-final between Argentina and Egypt, claiming that Egypt was “robbed” by biased refereeing. The match, which saw Argentina stage a late comeback to win 3-2, has drawn widespread accusations of match-fixing and favoritism from Egyptian players and global football fans alike.

