വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവനകൾ തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സ്വന്തം വീഴ്ചകൾ മറച്ചുവെക്കാൻ വേണ്ടി ബോധപൂർവ്വം വിവാദങ്ങൾ ഉണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചത് യാതൊരുവിധ സൂത്രപ്പണിയിലൂടെയല്ലെന്നും തികച്ചും സുതാര്യമായാണ് എല്ലാ പഠനങ്ങളും പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കള്ളാടി ദുരന്തസ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി.(Pinarayi Vijayan Slams Government Over Wayanad Landslide Negligence And Tunnel Road Clearance Controversy)
കേന്ദ്ര-സംസ്ഥാന ഏജൻസികൾ സുതാര്യമായി നടത്തിയ പഠനങ്ങൾക്കൊടുവിൽ 2023-ലാണ് എല്ലാ അനുമതികളും പദ്ധതിക്ക് ലഭിച്ചത്. ഇതിനെതിരെയുള്ള ഹർജികൾ 2025 ഡിസംബർ 16-ന് ഹൈക്കോടതി തള്ളിക്കളഞ്ഞതാണ്. തുടർന്ന് സമർപ്പിക്കപ്പെട്ട അപ്പീലുകളിൽ സുപ്രീം കോടതിയും ഹൈക്കോടതി വിധി ശരിവച്ചു. കോടതികൾ വരെ അംഗീകരിച്ച പാരിസ്ഥിതിക അനുമതി സമ്മർദ്ദം ചെലുത്തി വാങ്ങിയതാണെന്ന തരത്തിലുള്ള ആരോപണങ്ങൾ കോടതിയോടുള്ള അവഹേളനമാണെന്ന് പിണറായി ചൂണ്ടിക്കാട്ടി. പലരെയും പഴിചാരി മന്ത്രിമാർ തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ദുരന്തത്തിന് തൊട്ടുമുമ്പ് കനത്ത മഴ പെയ്തിട്ടും ജില്ലയിൽ കേവലം ‘യെല്ലോ അലർട്ട്’ മാത്രമാണ് ഉണ്ടായിരുന്നത്. അപകട മുന്നറിയിപ്പുകൾ നൽകുന്നതിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിലും സർക്കാരിന് ഗുരുതരമായ അലംഭാവവും കുറ്റകരമായ അനാസ്ഥയും സംഭവിച്ചു. ദുരന്തം ഉണ്ടായതിന് ശേഷമാണ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തുരങ്കപാത നിർമ്മാണത്തിന്റെ ഭാഗമായി ഇവിടെ കൂട്ടിയിട്ടിരുന്ന വലിയ മൺകൂനകൾ നീക്കം ചെയ്യാൻ ഉന്നതതല യോഗം നിർദ്ദേശം നൽകിയിരുന്നതാണ്. രണ്ടാഴ്ചയോളം സമയം ലഭിച്ചിട്ടും കൊങ്കൺ റെയിൽവേയോ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളോ ആ മണ്ണ് നീക്കാൻ തയ്യാറായില്ല. ഈ തീരുമാനം അട്ടിമറിച്ചതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്. മുകൾഭാഗത്ത് നിന്ന് ഒലിച്ചിറങ്ങിയ മണ്ണും ഈ മൺകൂനയും ചേർന്നാണ് ദുരന്തമുണ്ടാക്കിയതെന്നും ഇതിൽ കൃത്യമായ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ പ്രയാസങ്ങൾ അറിയിച്ചെന്നും, അത്തരം കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കണമെന്നും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിനൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
Story Summary
Opposition Leader Pinarayi Vijayan slammed the government for criminal negligence in the Wayanad landslide disaster, stating that the Chief Minister’s claims regarding the tunnel road’s environmental clearance were incorrect. He criticized the failure to issue timely red alerts and clear dumped soil at the site despite a high-level directive two weeks prior, adding that the opposition would support all relief activities.

