തിരുവനന്തപുരം: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ കീഴടങ്ങിയെന്ന് കെ.സി. വേണുഗോപാൽ. രാജ്യത്തിന്റെ തന്ത്രപ്രധാനമായ കാര്യങ്ങൾ മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റ് പ്രഖ്യാപിക്കുന്നത് ചരിത്രത്തിലാദ്യമാണെന്നും അദ്ദേഹം പരിഹസിച്ചു.(It would be better to give Trump the post of Prime Minister, says KC Venugopal)
രാജ്യത്തെ പ്രധാനപ്പെട്ട വ്യാപാര കരാർ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് പകരം ട്രംപാണ് പ്രഖ്യാപിച്ചത്. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം കൂടി ട്രംപിനെ ഏൽപ്പിക്കുകയാണ് നല്ലതെന്ന് അദ്ദേഹം രൂക്ഷഭാഷയിൽ പറഞ്ഞു.
പാർലമെന്റ് നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. അപ്രിയ സത്യങ്ങൾ പുറത്തുവരുമെന്ന ഭയത്താൽ പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പ്രധാനമന്ത്രിക്ക് ഭയമില്ലെങ്കിൽ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ എന്തുകൊണ്ട് നിഷേധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ശബരിമല കേസിൽ പ്രതികളെ സംരക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് അന്വേഷണ സംഘത്തിന് മേലുള്ള സമ്മർദ്ദമാണ് വ്യക്തമാക്കുന്നത്. ഹൈക്കോടതിയുടെ കർശന നിരീക്ഷണത്തിലാണ് കാര്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗങ്ങൾ തടസ്സപ്പെടുത്തുന്നതിലൂടെ ജനാധിപത്യ മര്യാദകൾ ലംഘിക്കപ്പെടുകയാണെന്നും, പ്രധാനമന്ത്രി ഈ വിഷയങ്ങളിൽ അടിയന്തരമായി മറുപടി നൽകണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

