ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായ കൃതി സനൻ തന്റെ വ്യക്തിജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം വെളിപ്പെടുത്തിയതാണ് ഇപ്പോൾ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ രീതിയിൽ ചർച്ചയാകുന്നത് (Kriti Sanon Egg Freezing). വിവാഹത്തെക്കുറിച്ചും മാതൃത്വത്തെക്കുറിച്ചുമുള്ള സമൂഹത്തിന്റെ പരമ്പരാഗത ചോദ്യങ്ങൾക്കും ബയോളജിക്കൽ ക്ലോക്കിന്റെ സമ്മർദ്ദങ്ങൾക്കും വഴങ്ങാൻ താൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ താരം, തന്റെ അണ്ഡം മരവിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞു. ‘ഹ്യൂമൻസ് ഓഫ് ബോംബെ’ സ്ഥാപക കരിഷ്മ മേത്തയുമായി നടത്തിയ അഭിമുഖത്തിലാണ് മുപ്പത്തഞ്ചുകാരിയായ താരം തന്റെ ജീവിതത്തിലെ ഈ സുപ്രധാന ചുവടുവെപ്പിനെക്കുറിച്ച് മനസ്സ് തുറന്നത്.
തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ ‘മിമി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി തയ്യാറെടുക്കുന്ന സമയത്താണ് താൻ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് കൃതി വെളിപ്പെടുത്തി. ചിത്രത്തിൽ വാടകഗർഭപാത്രം നൽകുന്ന ഒരു സ്ത്രീയുടെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതിനായി കൃതിക്ക് 15 കിലോയോളം ഭാരം കൂട്ടേണ്ടി വന്നിരുന്നു. ഈ സമയത്ത് രണ്ട് മാസത്തോളം ഷൂട്ടിങ് ഇല്ലാതിരുന്ന ഇടവേള കൃത്യമായി വിനിയോഗിച്ചാണ് താരം അണ്ഡം മരവിപ്പിക്കൽ പ്രക്രിയയ്ക്ക് വിധേയയായത്. വാടകഗർഭധാരണത്തെക്കുറിച്ചുള്ള സിനിമയിൽ അഭിനയിക്കുന്ന പശ്ചാത്തലം കൂടിയായപ്പോൾ ഈ തീരുമാനത്തിലേക്ക് എത്തുവാൻ തനിക്ക് കൂടുതൽ വ്യക്തത ലഭിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.
പ്രായം കൂടുന്നതിനനുസരിച്ച് ഗർഭധാരണത്തിനുള്ള സാധ്യതകൾ കുറയുമെന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു നിശ്ചിത പ്രായത്തിനുള്ളിൽ വിവാഹം കഴിക്കണമെന്നോ കുട്ടികളുണ്ടാകണമെന്നോ ഉള്ള സാമൂഹിക സമ്മർദ്ദം കാരണം ആരും അത്തരം തീരുമാനങ്ങൾ എടുക്കരുതെന്നും, മാനസികമായി തയ്യാറാകുമ്പോൾ മാത്രമായിരിക്കണം അതിന് മുതിരേണ്ടതെന്നും കൃതി അഭിപ്രായപ്പെട്ടു. ഈ പ്രക്രിയയ്ക്ക് വലിയ സാമ്പത്തിക ചിലവ് വരുമെന്നതിനാൽ ഇത് എല്ലാവർക്കും സാധ്യമാകണമെന്നില്ലെന്നും, അത് താങ്ങാൻ തനിക്ക് ഭാഗ്യമുണ്ടായെന്നും താരം പറഞ്ഞു. അണ്ഡം മരവിപ്പിക്കൽ എന്നത് ശാരീരികമായും മാനസികമായും അത്ര എളുപ്പമുള്ള പ്രക്രിയയല്ലെന്നും, അത് ശരീരത്തിൽ വലിയ രീതിയിലുള്ള ഹോർമോൺ വ്യതിയാനങ്ങളും മൂഡ് മാറ്റങ്ങളും ഉണ്ടാക്കുമെന്നും കൃതി ഓർമ്മിപ്പിച്ചു. എങ്കിലും ഭാവിയിൽ മാനസികമായ സമാധാനവും സുരക്ഷയും നൽകുന്ന ഒന്നായതിനാൽ ഈ പ്രക്രിയ തികച്ചും മൂല്യവത്തായ ഒന്നാണെന്നും താരം വ്യക്തമാക്കി. ഷാഹിദ് കപൂർ, രശ്മിക മന്ദാന എന്നിവർക്കൊപ്പം അഭിനയിച്ച ‘കോക്ക്ടെയിൽ 2’ ആണ് കൃതിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം.
Summary: Bollywood actress Kriti Sanon revealed that she chose to freeze her eggs during the preparation for her film Mimi, where she had to gain 15 kg. The 35-year-old actress shared that she took this step to avoid societal pressure regarding a ticking biological clock, emphasizing that marriage and motherhood should happen only when a woman feels ready. While acknowledging the physical and emotional challenges of the process, she described it as a worthy safety net.

