കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി ഉയർന്നു. ദുരന്തത്തിൽ മരിച്ചവർ നിർമ്മാണ പ്രവർത്തനങ്ങൾക്കെത്തിയ അതിഥി തൊഴിലാളികളാണ്. അതിനിടെ, കൺമുന്നിൽ ദുരന്തം വിതച്ചുകൊണ്ട് മലവെള്ളപ്പാച്ചിലും മണ്ണും കുതിച്ചെത്തുമ്പോൾ അഞ്ച് തൊഴിലാളികൾ ഓടി അദ്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഈ ദൃശ്യങ്ങൾ അപകടത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്.(Wayanad Kalladi Landslide Death Toll Four CCTV Footage Out Workers Missing)
കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ ഉരുൾപൊട്ടലിൽ ഇനിയും മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. നിലവിൽ ഒൻപത് തൊഴിലാളികളെ ഗുരുതര പരിക്കുകളോടെ മേപ്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹിര കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താക്കൂർ, രജനീഷ്, തന്മയ് ഘോഷ്, കൂപമാൽ, കുഞ്ചു, സന്തോഷ് കുമാർ എന്നിവരാണ് നിലവിൽ ചികിത്സയിലുള്ളത്. മൺകൂനയ്ക്കടിയിൽ പെട്ടുപോയ ആറുപേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ എൻ.ഡി.ആർ.എഫിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ഊർജ്ജിതമായി തുടരുകയാണ്.
തുരങ്കപാതയുടെ നിർമ്മാണത്തിനായി മല തുരന്ന് അശാസ്ത്രീയമായി തള്ളിയിരുന്ന വൻ മൺകൂനയാണ് കനത്ത മഴയിൽ താഴേക്ക് നിരങ്ങിയിറങ്ങിയത്. ഇതോടെ നിർമ്മാണ സ്ഥലത്തിന്റെ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന കൂറ്റൻ കോൺക്രീറ്റ് മതിലും തകർന്നു വീണു. തൊഴിലാളികളുമായി വന്ന രണ്ട് ബസുകൾ പൂർണ്ണമായും മണ്ണിനടിയിലാണ്. ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്ത അതിതീവ്ര മഴയാണ് ഈ വലിയ ദുരന്തത്തിന് കാരണമായത്. അപകടത്തെത്തുടർന്ന് മുഖ്യമന്ത്രി നിർദേശിച്ചതനുസരിച്ച് മന്ത്രിമാരായ ടി. സിദ്ദിഖ്, അനിൽ കുമാർ എന്നിവർ ദുരന്തസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Story Summary
The death toll in the Wayanad Kalladi landslide has risen to four, all identified as migrant workers. Meanwhile, shocking CCTV footage emerged showing five workers narrowly escaping death as the debris rushed in. Nine injured workers are hospitalized, while six others remain missing under the collapsed concrete retaining wall and buried buses. Emergency rescue operations continue amid warnings of heavy rain.

