കണ്ണൂർ: പയ്യന്നൂരിലെ സാമ്പത്തിക വിവാദങ്ങളിൽ പാർട്ടി നിലപാട് കടുപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (MV Govindan). എൽഡിഎഫ് വടക്കൻ മേഖലാ ജാഥയ്ക്ക് പയ്യന്നൂരിൽ നൽകിയ സ്വീകരണത്തിനിടെയാണ് വി. കുഞ്ഞികൃഷ്ണനെതിരെ അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്. രക്തസാക്ഷി ധനരാജിന്റെ ഭാര്യ സജിനി എം.വി. ഗോവിന്ദനെ ചുവപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചത് പാർട്ടിക്ക് രാഷ്ട്രീയമായി വലിയ ആശ്വാസമായി.
“തൊഴിലാളി വർഗ രാഷ്ട്രീയം മറന്ന് ബൂർഷ്വാ പ്രസ്ഥാനങ്ങൾക്കൊപ്പം ഒറ്റുകാരനെപ്പോലെ നിലകൊണ്ട വ്യക്തിയാണ് വി. കുഞ്ഞികൃഷ്ണൻ. കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളുടെ കോടാലിക്കൈയായി പ്രവർത്തിച്ച ഇത്തരക്കാർക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം.”
കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്കും വഞ്ചനയ്ക്കുമുള്ള ജനകീയ മറുപടിയാണ് പയ്യന്നൂരിലെ ഈ ഉജ്ജ്വല സ്വീകരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്തസാക്ഷി ധനരാജിന്റെ കുടുംബസഹായ ഫണ്ട് ഉൾപ്പെടെയുള്ളവയിൽ ടി.ഐ. മധുസൂദനൻ എംഎൽഎയുടെ നേതൃത്വത്തിൽ ഒരു കോടിയോളം രൂപയുടെ ക്രമക്കേട് നടന്നെന്നായിരുന്നു വി. കുഞ്ഞികൃഷ്ണന്റെ ആരോപണം. ഈ പരാതി പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറികൾക്ക് കാരണമാവുകയും ഒടുവിൽ കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ധനരാജിന്റെ കുടുംബം തന്നെ ജാഥാ ക്യാപ്റ്റനെ സ്വീകരിക്കാനെത്തിയത് ഫണ്ട് വിവാദത്തിൽ പാർട്ടിക്ക് വലിയ പ്രതിരോധ കവചമായി മാറി.

