ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദത്തിൽ കെ.സി. വേണുഗോപാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംഭവം ‘ചന്ദ ചോരി മെഗാ സ്കാൻഡൽ’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, വിഷയം അടിയന്തരമായി സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.(Ayodhya Ram Temple donation row, Congress demands Supreme Court monitored probe)
ക്ഷേത്ര ട്രസ്റ്റിലെ ഉന്നതരുടെ അറിവോടെയാണ് തട്ടിപ്പ് നടക്കുന്നത്. ചെറിയ ജീവനക്കാരെ മാത്രം അറസ്റ്റ് ചെയ്ത് കേസ് അട്ടിമറിക്കാനാണ് യുപി സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രമമെന്ന് കെ സി വേണുഗോപാൽ ആരോപിക്കുന്നു. തട്ടിപ്പ് മറച്ചുവെക്കാൻ ഏഴെട്ടു മാസത്തെ സിസിടിവി ദൃശ്യങ്ങൾ മനഃപൂർവം നശിപ്പിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. കറൻസി നോട്ടുകളും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെയുള്ളവ വ്യാപകമായി കടത്തിക്കൊണ്ടുപോയത് ട്രസ്റ്റിന്റെ ഒത്താശയോടെയാണെന്ന് അദ്ദേഹം പറയുന്നു.
തട്ടിപ്പ് നേരത്തെ തന്നെ ചൂണ്ടിക്കാണിച്ച ട്രസ്റ്റിന്റെ മുൻ ചീഫ് അക്കൗണ്ട്സ് ഓഫീസറെ കാര്യങ്ങൾ കേൾക്കുന്നതിന് പകരം ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. നിലവിലെ അന്വേഷണം കേവലം ഒരു ‘ഐവാഷ്’ മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2020-ൽ കേന്ദ്ര സർക്കാർ നേരിട്ട് രൂപീകരിച്ചതാണ് ‘ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്’. അതിനാൽ, സംഭാവനകളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്നും വേണുഗോപാൽ ഓർമ്മിപ്പിച്ചു. രാജ്യത്തെ 140 കോടി ജനങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയ ഈ വൻ അഴിമതിയിൽ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് കത്തിൽ വ്യക്തമാക്കുന്നു.
Story Summary
Congress General Secretary K.C. Venugopal has written to Prime Minister Narendra Modi demanding a Supreme Court-monitored investigation into the alleged massive embezzlement of donations at the Ayodhya Ram Temple. Describing the scandal as a betrayal of Hindu faith, Venugopal alleged that the ongoing state-led SIT probe is a mere ‘eyewash’ intended to protect high-ranking officials while only targeting low-level employees.

